ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇതുവരെ നിരാശാജനകമായ പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചിട്ടുള്ളത്. മത്സരത്തിൽ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു ലഭിച്ചത്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 469 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. ഇന്ത്യൻ ബോളർമാർ ഇന്നിങ്സിലുടനീളം കൃത്യത കണ്ടെത്താൻ ശ്രമിക്കാതിരുന്നത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. അതിനാൽ തന്നെ സ്റ്റീവൻ സ്മിത്തും ഹെഡും ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കി.
ഇതിനൊപ്പം എടുത്തുപറയേണ്ടത് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ചില തീരുമാനങ്ങളായിരുന്നു. മൈതാനത്ത് രോഹിത് എടുത്ത പല തീരുമാനങ്ങളും ഫലം കാണാതെ പോവുകയായിരുന്നു. മാത്രമല്ല രോഹിത്തിന്റെ ബോഡി ലാംഗ്വേജിൽ പോലും ഒരു പരാജയത്തിന്റെ ഭീതിയുണ്ടായിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് അമിതമായി റൺസ് വഴങ്ങാൻ കാരണമായത് രോഹിത്തിന്റെ ഫീൽഡിങ് പിഴവുകളാണ് എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
76ന് 3 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരാൻ വഴിയൊരുക്കിയത് രോഹിത് വരുത്തിയ പിഴവുകളാണ് എന്നാണ് ഗാംഗുലി പറയുന്നത്. “ഇതുവരെ ഇന്ത്യ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയ 76ന് 3 എന്ന മോശം നിലയിലായിരുന്നു. അതിനുശേഷമാണ് വലിയ കൂട്ടുകെട്ട് അവർ സൃഷ്ടിച്ചത്. ക്രിക്കറ്റിൽ അത് സംഭവിക്കാം. ബാറ്റിംഗ് ടീമുകൾ ഇത്തരത്തിൽ മുൻപും തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ആദ്യ ദിവസത്തെ ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യൻ ബോളർമാർ നന്നായി തുടങ്ങിയിരുന്നു. പക്ഷേ മത്സരം പുരോഗമിച്ചപ്പോൾ വീണ്ടും അവരുടെ കൃത്യത നഷ്ടമായി.”- ഗാംഗുലി പറഞ്ഞു.
“മാത്രമല്ല നന്നായി കളിച്ചിരുന്ന ഹെഡിനെ അവർ വീഴ്ത്തിയില്ല. ഒരുപാട് റൺസ് ഹെഡിന് അനായാസം നേടാൻ ഇന്ത്യയുടെ ബോളർമാർ സമ്മതിച്ചു. ഹെഡ് മികച്ച ഫോമിലുള്ള ബാറ്ററാണ്. അയാൾ നന്നായി റൺസ് നേടുകയും ചെയ്തു. എന്നിരുന്നാലും 76ന് 3 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ എന്നതോർക്കണം. ഈ സമയത്ത് രോഹിത് ശർമയുടെ ചില മോശം ഫീൽഡ് പ്ലെയ്സ്മെന്റുകൾ ഓസ്ട്രേലിയക്ക് അനായാസ റണ്ണുകൾ സമ്മാനിച്ചു. അതുതന്നെയാണ് ഓസ്ട്രേലിയ ഇപ്പോൾ നല്ല പൊസിഷനിൽ നിൽക്കാനുള്ള പ്രധാന കാരണവും.”- ഗാംഗുലി കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 469 റൺസ് എന്ന ആദ്യ ഇന്നിങ്സ് സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം തന്നെയാണ് ലഭിച്ചത്. ഇന്ത്യയുടെ ആദ്യ നാലു ബാറ്റർമാർ 20 റൺസ് പോലും നേടാനാവാതെ പുറത്തായതോടെ ഇന്ത്യ തകരുകയുണ്ടായി. രണ്ടാം ദിവസം രവീന്ദ്ര ജഡേജയും രഹാനെയും മാത്രമാണ് ഇന്ത്യക്കായി അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 151ന് 5 എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 318 റൺസ് ആവശ്യമാണ്.