ക്രിക്കറ്റ് ആരാധകർ ഏവരും വളരെയേറെ അകാംക്ഷയോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിന് ദയനീയ തോൽവി. കരുത്തരായ ന്യൂസിലാൻഡ് ടീം എട്ട് വിക്കറ്റിന്റെ വിജയം സതാംപ്ടണിൽ കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി ഐസിസി ടൂർണമെന്റ് ഫൈനലിൽ തോൽക്കുവാനാണ് വിരാട് കോഹ്ലിക്കും സംഘത്തിനും വിധി. രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ നായകൻ കോഹ്ലി അടക്കം എല്ലാവരും പൂർണ്ണ പരാജയമായി മാറിയതാണ് ഇന്ത്യൻ ടീമിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമാകുവാൻ കാരണം. ബൗളിംഗ് നിര പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല എങ്കിലും നാലാം പേസ് ബൗളറെ ഒഴിവാക്കി കളിക്കുവാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനം ഇതിനകം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി കഴിഞ്ഞു. ഫൈനലിലെ തോൽവിക്ക് പിന്നാലെ നായകൻ കോഹ്ലിക്കെതിരെ രൂക്ഷ വിമർശനം പല കോണുകളിൽ നിന്നും ഉയർന്ന് കഴിഞ്ഞു. രണ്ടാം ഇന്നിങ്സിൽ കോഹ്ലി കളിച്ച മോശം ഷോട്ടിനെതിരെയും ചില പരാമർശങ്ങൾ ഉയർന്ന് കഴിഞ്ഞു.
എന്നാൽ ഇംഗ്ലണ്ടിലെ ഈ ഫൈനൽ തോൽവി ജൂൺ 23 എന്ന ദിവസത്തെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ദിവസമാക്കി കഴിഞ്ഞു. മുൻപ് 2013ൽ ചാമ്പ്യൻസ് ട്രോഫി കിരീടം ഇതിഹാസ നായകൻ ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഉയർത്തിയത് ഇതേ ജൂൺ ഇരുപത്തിമൂന്നിന് തന്നെയാണ്. ഇന്നലെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യൻ ടീം പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ് കിരീടവും ഉയർത്തുമെന്ന് പ്രതീക്ഷിച്ചവർ അനേകം ആണ്. ഇത്തരത്തിൽ ഒരു തോൽവി ശക്തരായ ഇന്ത്യൻ സംഘത്തിൽ നിന്നും ആരും പ്രതീക്ഷിച്ചില്ല.ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം വരും ദിവസങ്ങളിൽ ഏറെ ചർച്ചയായി മാറും.
അതേസമയം ഫൈനലിലെ തോൽവി ഇന്ത്യൻ ടീമിന് നൽകുന്ന പാഠങ്ങൾ അനവധിയാണ്. ഒരു പരിശീലന മത്സരവും ഇല്ലാതെ കളിക്കുവാൻ ഇറങ്ങിയ ഇന്ത്യൻ ടീം രണ്ട് നാട്ടിലും ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ആകെ കളിച്ചത് ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരം മാത്രമാണ്. മുൻപ് ഐപിൽ കളിച്ച ഇന്ത്യൻ താരങ്ങൾ മത്സര പരിചയം ഇല്ലാതെ ഇംഗ്ലണ്ടിൽ കളിക്കാൻ ഇറങ്ങിയപ്പോൾ കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടം കിവീസ് ടീമിന് ഏറെ ആത്മവിശ്വാസം ഫൈനലിൽ നൽകി.ഒപ്പം ഇത്തരം സ്വിങ്ങിങ് സാഹചര്യങ്ങളിൽ കളിച്ചിട്ടുള്ള അവർ അതിന്റെ വലിയ ആനുകൂല്യവും ഫൈനലിൽ സ്വന്തമാക്കി