ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് സെമിഫൈനലിൽ വിരാട് കോഹ്ലിയെയും ശ്രേയസ് അയ്യരെയും പോലെ മികച്ച പ്രകടനം പുറത്തെടുത്ത ബാറ്ററായിരുന്നു ശുഭ്മാൻ ഗിൽ. എന്നാൽ പരിക്കേറ്റത് മൂലം മത്സരത്തിന്റെ മധ്യത്തിൽ വച്ച് ഗില്ലിന് കൂടാരം കയറേണ്ടി വന്നു. അതിനാൽ തന്നെ തന്റെ ലോകകപ്പ് സെഞ്ച്വറി പൂർത്തീകരിക്കാൻ ഗില്ലിന് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിൽ നിർണായകമായ 80 റൺസാണ് ഗിൽ നേടിയത്. മത്സരത്തിൽ ഇന്ത്യ 70 റൺസിന്റെ വിജയമായിരുന്നു സ്വന്തമാക്കിയത്. മത്സരശേഷം വിരാട് കോഹ്ലിയെ മാതൃകയാക്കി ഗിൽ സംസാരിക്കുകയുണ്ടായി. വിരാട് കോഹ്ലി റൺസ് കണ്ടെത്താൻ കാണിക്കുന്ന ആവേശവും, ക്രിക്കറ്റിനോടുള്ള തീവ്രതയുമാണ് തനിക്ക് വലിയ പ്രചോദനമായി മാറിയിട്ടുള്ളത് എന്ന് ഗിൽ പറയുന്നു.
കരിയറിൽ 15 വർഷങ്ങൾ പിന്നിടുമ്പോഴും വിരാട് കോഹ്ലി ഓരോ റണ്ണിനായി കുതിക്കുകയാണ് എന്നാണ് ഗിൽ ചൂണ്ടിക്കാട്ടുന്നത്. “എപ്പോഴൊക്കെ മൈതാനത്ത് എത്തിയാലും വിരാട് കോഹ്ലി നമുക്കായി സ്പെഷ്യൽ കാര്യങ്ങൾ ചെയ്യും. കഴിഞ്ഞ 10-15 വർഷമായി സ്ഥിരമായി കോഹ്ലി ഇതുതന്നെയാണ് ചെയ്യുന്നത്. അത് ഞങ്ങൾക്കൊക്കെയും വലിയ പ്രചോദനമാണ്. എന്നെ സംബന്ധിച്ച്, കോഹ്ലിയുടെ ബാറ്റിംഗ് കഴിവുകൊണ്ട് മാത്രമല്ല ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്നത്. കൂടുതലായും റൺസ് സ്വന്തമാക്കാനുള്ള കോഹ്ലിയുടെ ആവേശം തന്നെയാണ് അദ്ദേഹത്തെ സ്പെഷ്യലാക്കുന്നത്. മൈതാനത്തെത്തി റൺസ് കണ്ടെത്താൻ കോഹ്ലി കാണിക്കുന്ന തീവ്രതയാണ് എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നത്. അത് കൃത്യതയോടെ ഒരുപാട് നാൾ തുടരുക എന്നതും എനിക്ക് വലിയ പ്രചോദനം നൽകുന്നു.”- ഗിൽ പറഞ്ഞു.
ന്യൂസിലാൻഡിനേതിരായ മത്സരത്തിന്റെ 42ആം ഓവറിലായിരുന്നു കോഹ്ലി തന്റെ 50ആം സെഞ്ച്വറി സ്വന്തമാക്കിയത്. ഒരു നോകൗട്ട് മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണ് ന്യൂസിലാൻഡിനെതിരെ പിറന്നത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാനും കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. 2023 ഏകദിന ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് കോഹ്ലി ന്യൂസിലാൻഡിനെതിരെ നേടിയത്. മുൻപ് ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കെതിരെയും സെഞ്ചുറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു.
എന്തായാലും സെമിഫൈനലിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളാവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികളായി എത്തുന്നത്. ഇതുവരെ ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. 1983ലും 2011ലും ഫൈനൽ വിജയിച്ച് കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 2003 ൽ മാത്രമാണ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടത്. 2023ൽ രോഹിത് ശർമ്മയ്ക്ക് കിരീടം ചൂടൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ