ദക്ഷിണാഫ്രിക്കയെ തുരത്തി ഓസീസ് ഫൈനലിൽ. ഇന്ത്യയെ തകർക്കുക എന്ന ലക്ഷ്യം.

aus starc

ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ. ആവേശഭരിതമായ ലോ സ്കോറിംഗ് മത്സരത്തിൽ 3 വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി നായകൻ കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ മികവാർന്ന ബോളിങ് പ്രകടനം കാഴ്ചവെച്ചു. ഒപ്പം ഓപ്പൺ ട്രാവസ് ഹെഡ് ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനൽ പ്രവേശനമാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്.

കൊൽക്കത്തയിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നായകൻ ബവുമയുടെ ഈ തീരുമാനം പലരിലും അത്ഭുതമുണ്ടാക്കി. പ്രതീക്ഷിച്ചതുപോലെ വളരെ മോശം തുടക്കമാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്.

നായകൻ ബവുമയുടെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് അപകടകാരിയായ ഡികോക്കും(3) വാൻ ഡർ ഡസനും(6) റൺസ് നേടാതെ മടങ്ങുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ കേവലം 18 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുവശത്ത് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഓരോ വിക്കറ്റുകൾ വീതം പിഴുതെറിഞ്ഞ് മത്സരം കൈപ്പിടിയിലാക്കുകയും ചെയ്തു. ശേഷം ക്ലാസനും മില്ലറും ചേർന്നായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് നൽകിയത്.

24ന് 4 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ ഇരുവരും ചേർന്ന് കൈപിടിച്ചു കയറ്റി. ക്ലാസൻ മത്സരത്തിൽ 48 പന്തുകളിൽ 47 റൺസാണ് നേടിയത്. മറുവശത്ത് മില്ലർ പതിയെ ക്രീസിൽ ഉറക്കുകയായിരുന്നു. ക്ലാസൻ പുറത്തായ ശേഷവും വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് മില്ലർ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. അവസാന ഓവറുകളിൽ മില്ലർ തീയായി മാറി.

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ മില്ലർക്ക് സാധിച്ചു. 116 പന്തുകൾ നേരിട്ട മില്ലർ 8 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 101 റൺസാണ് മത്സരത്തിൽ നേടിയത്. മില്ലറുടെ പോരാട്ടമാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇങ്ങനെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ 50 ഓവറുകളിൽ 212 എന്ന് ഭേദപ്പെട്ട സ്കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കായി തുടക്കത്തിൽ തന്നെ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ആഞ്ഞടിക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ ദക്ഷിണാഫ്രിക്കൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ഇരുവർക്കും സാധിച്ചു. ഹെഡ് മത്സരത്തിൽ 48 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 62 റൺസാണ് നേടിയത്. വാർണർ 18 പന്തുകളിൽ 29 റൺസ് നേടി.

എന്നാൽ ഇതിനുശേഷം ദക്ഷിണാഫ്രിക്കയുടെ സ്പിന്നർമാർ കളത്തിലെത്തുകയും മത്സരം നിയന്ത്രിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയയുടെ വിക്കറ്റുകൾ സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ സ്മിത്തും(30) ഇംഗ്ലീസും(28) ക്രീസിലുറച്ചത് ദക്ഷിണാഫ്രിക്കയെ ബാധിച്ചു.

ദക്ഷിണാഫ്രിക്ക തങ്ങൾക്ക് ആവുന്നതുപോലെ മത്സരത്തിൽ സമ്മർദ്ദം ചെലുത്താൻ സാധിച്ചെങ്കിലും കമ്മിന്‍സും (14) സ്റ്റാര്‍ക്കും (16) വളരെ നന്നായി ചെറുത്തു നിൽക്കുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ ഓസ്ട്രേലിയ വിജയം കാണുകയും ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

Scroll to Top