ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് സെഞ്ചുറിക്കായി കാത്തിരിപ്പ് ഇനിയും തുടരും .മോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം ദിനത്തെ കളിയുടെ അവസാന ഓവറിൽ പുറത്തായി . 58 പന്തുകള്‍ നേരിട്ട കോലി 27 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറികളടക്കം മികച്ച ഫോമിലെന്ന് തോന്നിച്ച കോലിയെ ഇടംകൈയൻ സ്പിന്നർ ജാക്ക് ലീച്ച് ക്ലീന്‍ ബൗൾഡ് ആക്കുകയായിരുന്നു .ഇംഗ്ലണ്ട് സ്പിന്നറുടെ പന്തിന്റെ ദിശ കൃത്യമായി മനസിലാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പരാജയപ്പെടുകയായിരുന്നു. മൂന്നാം തവണയാണ് കോഹ്‌ലിയുടെ കുറ്റി പരമ്പരയിൽ തെറിക്കുന്നത് .
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ആൾറൗണ്ടർ സ്റ്റോക്സ് താരത്തെ ക്ലീൻ ബൗൾഡ് ആക്കിയിരുന്നു കൂടാതെ ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും കോഹ്ലി സമാനരീതിയിൽ പുറത്തായിരുന്നു .
മോയിൻ അലിയുടെ മനോഹരമായ പന്തിൽ കോഹ്ലിയുടെ കുറ്റി തെറിച്ചു .
എന്നാൽ സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള കോലിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വലിയ ചരിത്ര നേട്ടത്തിന്റെ ഭാഗമാവാനും ജാക്ക് ലീച്ചിന് സാധിച്ചു. ടെസ്റ്റില്‍ വിരാട് കോലിയെ ക്ലീന്‍ബൗള്‍ഡാക്കുന്ന അഞ്ചാമത്തെ മാത്രം സ്പിന്നര്‍ എന്ന നേട്ടമാണ് ലീച്ച് സ്വന്തമാക്കിയത്. ടെസ്റ്റില്‍ കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ആദ്യ സ്പിന്‍ ബൗളര്‍ ഇംഗ്ലണ്ടിന്റെ ഗ്രയിം സ്വാനാണ്. 2012ലെ ടെസ്റ്റ് പരമ്പരയിലാണ് ഈ
നേട്ടം ആദ്യമായി ഒരു സ്പിന്നർ കരസ്ഥമാക്കിയത് . 2015ല്‍ ബംഗ്ലാദേശിന്റെ ജുബൈര്‍ ഹുസൈനും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2017ലെ പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഇടംകൈയൻ സ്പിന്നർ സ്റ്റീവ് ഒക്കിഫിയും താരത്തിന്റെ കുറ്റി തെറിപ്പിച്ചിരുന്നു .
അതേസമയം മറ്റൊരു പൊൻതൂവൽ കൂടി വിരാട് കൊഹ്‌ലിയെ മൊട്ടേറ കാത്തിരിക്കുന്നുണ്ട്. വിരാട് കോലി ഒരു സെഞ്ച്വറികൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് താരത്തിന് സ്വന്തമാക്കാനാവും.നിലവില്‍ 41 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമാണ് വിരാട് കോലി. അവസാനമായി 2019ല്‍ ഡേ :നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെയാണ് കോലി സെഞ്ച്വറി നേടിയത്. പിന്നീട് ടെസ്റ്റിൽ ഒരു ശതകം നേടുവാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല .അർദ്ധ സെഞ്ച്വറികളെ വലിയ ശതകങ്ങളാക്കി മാറ്റുന്ന കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .