ലോകക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഗംഭീര ബാറ്റിംഗ് മികവ് കാഴ്ചവെക്കുന്ന താരം പ്രധാനപ്പെട്ട മത്സരങ്ങളിൽ ബാറ്റിംഗ് ഫോമിലേക്ക് ഉയരാറില്ലെന്നുള്ള വിരോധികളുടെ സ്ഥിരം വിമർശനത്തിന് വീണ്ടും ബലം നൽകി ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ താരം രണ്ട് ഇന്നിങ്സിലും പൂർണ്ണ പരാജയമായി മാറി. ആദ്യ ഇന്നിങ്സിൽ 44 റൺസടിച്ച കോഹ്ലി രണ്ടാം ഇന്നിങ്സിൽ കേവലം 13 റൺസ് മാത്രമാണ് അടിച്ചെടുത്തത്. രണ്ട് ഇന്നിങ്സിലും താരത്തെ ന്യൂസിലാൻഡ് പേസർ ജാമിസനാണ് പുറത്താക്കിയത്.
ഇപ്പോൾ ക്രിക്കറ്റ് ലോകവും കോഹ്ലിയെ പുറത്താക്കിയ ജാമിസണിന് എതിരെ വിമർശനം ഉന്നയിക്കുകയാണ്. മുൻപ് ഐപിഎല്ലിൽ ഒരേ ടീമിൽ കളിച്ച ഇരു താരങ്ങളും ഫൈനലിൽ നേർക്കുനേർ പോരാട്ടത്തിനിറങ്ങിയപ്പോൾ ആരാധകർ പോലും വിരാട് കോഹ്ലി ഇപ്രകാരം ജാമിസണിന്റെ പന്തുകളിൽ ഒരു ഉത്തരമില്ലാതെ പുറത്താവുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യ ഇന്നിങ്സിൽ 5വിക്കറ്റ് വീഴ്ത്തിയ ജാമിസൺ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നിർണ്ണായകമായ 21 റൺസും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിരുന്നു. മികച്ച എക്കോണമിയിൽ പന്തെറിഞ്ഞ താരം റൺസ് വഴങ്ങുവാനും മടി കാണിച്ചു.
എന്നാൽ ക്രിക്കറ്റ് ആരാധകരിലും ഒപ്പം ചില ബാംഗ്ലൂർ ആരാധകരിലും ജാമിസൺ വലിയ വിമർശനത്തിനുള്ള വിഷയമായി മാറികഴിഞ്ഞു. ഐപിഎല്ലിൽ തന്റെ ടീം നായകനായ വിരാട് കോഹ്ലിക്ക് എതിരെ ഒരിക്കൽ പോലും ജാമിസൺ ഇങ്ങനെ പന്തെറിയുവാൻ പാടില്ല എന്നാണ് ചില ബാംഗ്ലൂർ ആരാധകർ പങ്കുവെക്കുന്ന അഭിപ്രായം. മുൻപ് ഈ സീസൺ ഐപിഎല്ലിന് മുൻപായി ബാംഗ്ലൂർ ടീമിന്റെ നെറ്റ്സിൽ കോഹ്ലിക്ക് എതിരെ ഡ്യൂക്ക് പന്തിൽ ബൗളിംഗ് ചെയ്യാൻ ജാമിസൺ വിസമ്മതം പറഞ്ഞത് വിവാദമായി മാറിയിരുന്നു. പക്ഷേ അന്നത്തെ തന്റെ ആ തീരുമാനം ശരിവെക്കുന്നതാണ് ജാമിസന്റെ ഫൈനലിലെ പ്രകടനം.