റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ കണ്ണീര്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസിലന്‍റിന്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലന്‍റ് കിരീടം നേടി. 139 റണ്‍സ് വിജയവുമായി ഇറങ്ങിയ ന്യൂസിലന്‍റിനെ കെയിന്‍ വില്യംസണ്‍ (52) – റോസ് ടെയ്ലര്‍ (47) കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിന് തുടക്കത്തിലേ ലതാം (9), കോണ്‍വേ (19) എന്നിവരെ നഷ്ടമായെങ്കിലും വില്യംസണ്‍-റോസ് ടെയ്ലര്‍ ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍റിനെ വിജയത്തിലേക്ക് നയിച്ചു.

ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. Scorecard – ഇന്ത്യ 217, 170 ന്യൂസിലന്‍റ് 249,140/2

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ 170 റണ്‍സില്‍ ഇന്ത്യ പുറത്തായി. 2 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയില്‍ റിസര്‍വ് ദിനം ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ സെക്ഷനില്‍ തന്നെ ഇന്ത്യക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ വീരാട് കോഹ്ലി (13) ജാമിസണിനു വിക്കറ്റ് നല്‍കി മടങ്ങി. മത്സരത്തില്‍ രണ്ടാം തവണെയാണ് വീരാട് കോഹ്ലിയുടെ വിക്കറ്റ് താരം സ്വന്തമാക്കിയത്.

Neil Wagner 1

തൊട്ടു പിന്നാലെ പൂജാരയും (15) മടങ്ങി. വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ (15) വാട്ട്ലിങ്ങിനു ക്യാച്ച് നല്‍കി മടങ്ങി. റിഷഭ് പന്ത് മാത്രമാണ് (41) കീവിസ് ബോളിങ്ങിനു മുന്നില്‍ പിടിച്ചു നിന്നത്. ജഡേജയുമൊത്ത് (16) ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചെങ്കിലും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് നേടി ന്യൂസിലന്‍റ് ബോളര്‍മാര്‍ തിരിച്ചടിച്ചു. പോരാട്ടം നടത്താതെ വാലറ്റവും തിരികെ കയറിയതോടെ ഇന്ത്യന്‍ ലീഡ് 138 റണ്‍സില്‍ ഒതുങ്ങി.

skysports tim southee new zealand 5221313 1068x601 1

ന്യൂസിലന്‍റിനു വേണ്ടി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ട്രന്‍റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി. ജാമിസണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വാഗ്നര്‍ ഒരു വിക്കറ്റ് എടുത്തു. മഴയെ തുടര്‍ന്ന് രണ്ടു ദിവസം ഒരോവര്‍ പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ലാ. വെളിച്ചക്കുറവ് കാരണം നിരവധി ഓവറുകളും നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മത്സരം റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയത്.