ക്രിക്കറ്റ് ലോകം വളരെയേറെ ആവേശപൂർവ്വം കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഒടുവിൽ ആറാം ദിനം പരിസമാപ്തി. സതാംപ്ടണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇന്ത്യൻ ടീമിന് എതിരെ എട്ട് വിക്കറ്റിന്റെ ത്രില്ലർ വിജയം കരസ്ഥമാക്കി കെയ്ൻ വില്യംസണും സംഘവും പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ് കിരീടം ഉയർത്തി. തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫൈനലിൽ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ബൗളിങ്ങിലും ഇന്ത്യൻ ടീമിനെ ഏറെ നിഷ്പ്രഭരാക്കിയാണ് കിവീസ് കിരീടം ഉറപ്പിച്ചത്. ആറാം ദിനം 32 റൺസ് ലീഡുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിന്റെ രണ്ടാം ഇന്നിങ്സ് സ്കോർ 170 റൺസിൽ അവസാനിച്ചു.139 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടർന്ന കിവീസ് ടീം പ്രഥമ ടെസ്റ്റ് ലോകകപ്പിൽ മുത്തമിട്ടു.
എന്നാൽ ക്രിക്കറ്റ് ആരാധകരിൽ ഏറെ ചർച്ചാവിഷയമായി മറ്റൊരു സംഭവം ആറാം ദിവസം ഇന്ത്യൻ ബാറ്റിംഗിന്റെ രണ്ടാം ഇന്നിങ്സിനിടയിൽ നടന്ന ഈ അവിചാരിത സംഭവം ആരാധകർ എല്ലാം നിമിഷ നേരങ്ങൾക്കുള്ളിൽ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഈ ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് കരിയറിന് അവസാനം കുറിക്കുന്ന ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബി ജെ വാട്ലിംഗിനെ അഭിനന്ദനങ്ങൾ അറിയിച്ചതാണ് ആരാധകർ ഏറ്റെടുത്ത ആ സംഭവം.ഇന്ന് മത്സരം ആരംഭിക്കും മുൻപേ താരത്തിന് തന്റെ ആശംസകൾ അറിയിച്ച കോഹ്ലി അദ്ദേഹത്തിന് ഏറെ സന്തോഷത്തോടെ ഹസ്തദാനവും നൽകി. സോഷ്യൽ മീഡിയ വളരെയേറെ ആഘോഷമാക്കി കഴിഞ്ഞു ഈ ദൃശ്യങ്ങൾ.
ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ഉയർത്തുകയെന്ന പ്രധാന ലക്ഷ്യമാണ് ഈ ഫൈനലിലെ തോൽവിയോടെ അസ്തമിച്ചത്.രണ്ട് ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പൂർണ്ണമായി താളം കണ്ടെത്തുവാൻ കഴിയാതെ വന്നതോടെ പേസ് ബൗളർ ജാമിസൺ അടക്കം കിവീസ് ബൗളർമാർ ഇന്ത്യൻ ടീമിന്റെ എല്ലാ സ്വപ്നവും തല്ലിക്കെടുത്തി. ഫൈനലിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ജാമിസൺ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതും. രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ തിളങ്ങിയ കിവീസ് നായകൻ കെയ്ൻ വില്യംസന്റെ പ്രകടനം വളരെ ശ്രദ്ധേയമായി.