നെതർലൻഡ്സിനെതീരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ 9 താരങ്ങളാണ് ബോൾ ചെയ്തത്. ഇതിൽ പ്രധാനിയായത് വിരാട് കോഹ്ലിയായിരുന്നു. ബോൾ ചെയ്യാൻ തനിക്ക് കിട്ടിയ അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ വിരാടിന് സാധിച്ചു. നെതർലൻഡ്സിന്റെ നായകൻ എഡ്വാർഡ്സിന്റെ വിക്കറ്റും വിരാട് സ്വന്തമാക്കുകയുണ്ടായി.
2014ന് ശേഷം ആദ്യമായായിരുന്നു വിരാട് ഒരു ഏകദിന മത്സരത്തിൽ വിക്കറ്റ് സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തിൽ, ഒരു ബോളർ എന്ന നിലയ്ക്ക് വിരാടിനെ തങ്ങൾ ഇനിയും ഉപയോഗിക്കും എന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്രെ. വരാനിരിക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ ഡെത്ത് ഓവറുകളിൽ വിരാടിനെ ബോൾ ചെയ്യിക്കാൻ തങ്ങൾ ശ്രമിക്കും എന്നാണ് മാമ്പ്രെ പറഞ്ഞിരിക്കുന്നത്.
നെതർലൻഡ്സിനെതിരായ മത്സരത്തിൽ സ്കോട്ട് എഡ്വാർഡ്സിനെ പുറത്താക്കാൻ കോഹ്ലി മികച്ച രീതിയിൽ തന്ത്രങ്ങൾ ഉപയോഗിച്ചു എന്നാണ് മാമ്പ്രെ പറയുന്നത്. “മത്സരത്തിൽ വിക്കറ്റ് നേടാനായി നല്ല രീതിയിൽ തയ്യാറെടുപ്പുകൾ കോഹ്ലി നടത്തിയിരുന്നു. മത്സരത്തിലെ കോഹ്ലിയുടെ വിക്കറ്റ് വലിയ സന്തോഷം നൽകുന്നുണ്ട്. ആ പന്ത് എറിയുന്നതിന് മുൻപ് കോഹ്ലി ഫൈൻ ലെഗ് ഫീൽഡറെ നന്നായി അഡ്ജസ്റ്റ് ചെയ്തു
രാഹുൽ പന്തറിയാൻ പറഞ്ഞ സ്ഥലത്ത് തന്നെയാണ് കോഹ്ലി പന്തറിഞ്ഞത്. അതിനാൽ തന്നെ നന്നായി ആലോചിച്ചാണ് കോഹ്ലി ആ വിക്കറ്റ് സ്വന്തമാക്കിയത്. വിരാട് കോഹ്ലിയെ മത്സരങ്ങളിൽ എങ്ങനെ ഉപയോഗിക്കാം എന്ന് രോഹിത്തുമായി ഞാൻ സംസാരിച്ചിരുന്നു. ന്യൂബോളിൽ കോഹ്ലിക്ക് സിംഗ് ലഭിക്കും. അതിനാൽ തന്നെ പവർപ്ലെയിലും ഇന്ത്യയെ സഹായിക്കാൻ കോഹ്ലിയ്ക്ക് സാധിക്കും.”- മാമ്പ്രെ പറഞ്ഞു.
“ഒരു ബോളർ എന്ന നിലയ്ക്ക് വിരാടിന് വലിയ വെല്ലുവിളിയായുള്ളത് മധ്യ ഓവറുകളായിരുന്നു. എന്നാൽ മത്സരത്തിൽ അത് നന്നായി ചെയ്യാൻ വിരാടിന് സാധിച്ചു. ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത് വിരാടിനെ അവസാന ഓവറുകളിൽ ഉപയോഗിക്കാനാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം. അവസാന ഓവറുകളിലും വിരാട്ടിന്റെ പന്തിന് ചലനമുണ്ടാകുമെന്നും, വലംകയ്യൻ ബാറ്റർമാർക്കെതിരെ കൃത്യമായ യോർക്കറുകൾ എറിയാൻ സാധിക്കുമെന്നുമാണ് ഞാൻ കരുതുന്നത്.”- മാമ്പ്രെ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്നത് വളരെ നിർണ്ണായകമായ മത്സരങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ കോഹ്ലിയെ ഉപയോഗിച്ച് ഇനിയും ഒരു പരീക്ഷണം വരുന്ന നിർണായക മത്സരത്തിൽ ഇന്ത്യ നടത്തുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരം നടക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എന്തു വില കൊടുത്തും വിജയം നേടി ഫൈനലിന് യോഗ്യത നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയോ ഓസ്ട്രേലിയയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികളായി വരിക. ഇന്ത്യയെ സംബന്ധിച്ച് കിരീടം സ്വന്തമാക്കാനുള്ള വലിയ ഒരു അവസരം തന്നെയാണ് വന്നിരിക്കുന്നത്.