കൊൽക്കത്തൻ ബോളർമാരെ പഞ്ഞിക്കിട്ട് വിജയ് ശങ്കറിന്റെ മാസ്മരിക പ്രകടനം. ഗുജറാത്തിന്റെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനമാണ് വിജയ് ശങ്കർ കാഴ്ചവച്ചത്. മത്സരത്തിൽ അഞ്ചാമതായി ക്രീസിലെത്തിയ വിജയ് ശങ്കർ കൊൽക്കത്തയുടെ ബോളർമാരെ പഞ്ഞിക്കിടുന്നതാണ് കാണാൻ സാധിച്ചത്. കഴിഞ്ഞദിവസം ചെന്നൈയ്ക്കായി അജീങ്ക്യ രഹാനെ ഇത്തരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു. അതിനു സമാനമായ രീതിയിലാണ് വിജയ് ശങ്കറും മൈതാനത്ത് നിറഞ്ഞാടിയത്. മുൻപ് പലരും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ എഴുതിത്തള്ളിയ വിജയ ശങ്കർ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിനായി ഓപ്പണർമാർ മികച്ച തുടക്കം തന്നെ നൽകി. ശുഭമാൻ ഗിൽ 31 പന്തുകളിൽ 39 റൺസ് നേടി ഗുജറാത്തിന് അടിത്തറ നൽകി. ഒപ്പം 38 പന്തുകളിൽ 53 റൺസ് നേടിയ സായി സുദർശനും കളം നിറഞ്ഞപ്പോൾ ഗുജറാത്ത് മികച്ച സ്കോറിലേക്ക് കുതിച്ചു. എന്നാൽ വലിയ അത്ഭുതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ അഞ്ചാമനായിയാണ് വിജയ് ശങ്കർ ക്രീസിലെത്തിയത്. ആദ്യ ബോൾ മുതൽ കൊൽക്കത്തൻ ബോളർമാരെ അടിച്ചമർത്താൻ തന്നെയാണ് വിജയ് ശങ്കർ ശ്രമിച്ചത്.
തന്റെ ഇന്നിംഗ്സിൽ 21 പന്തുകളിയിൽ നിന്നായിരുന്നു ശങ്കർ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ അവിടെയും തീരുന്നതായിരുന്നില്ല ശങ്കറിന്റെ വീര്യം. മത്സരത്തിൽ പത്തൊമ്പതാം ഓവർ എറിഞ്ഞത് കൊൽക്കത്തയുടെ സൂപ്പർ പേസർ ഫെർഗുസണായിരുന്നു. ഓവറിൽ ഫെർഗ്യുസനെ രണ്ട് സിക്സറിനും രണ്ട് ഫോറിനും വിജയ് ശങ്കർ തൂക്കി. ശേഷം അവസാന ഓവറിൽ താക്കൂറിനെതിരെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയാണ് ശങ്കർ തന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മത്സരത്തിൽ 24 പന്തുകൾ നേരിട്ട് ശങ്കർ 63 റൺസാണ് നേടിയത്. ഇന്നിങ്സിൽ നാലു ബൗണ്ടറികളും 5 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 262 ആണ് ഈ സ്റ്റാർ ബാറ്ററുടെ ഇന്നിംഗ്സിലെ ശരാശരി. വിജയ് ശങ്കറിനെ കഴിഞ്ഞകാലത്തിൽ വിമർശിച്ച ഒരുപാട് താരങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഒരു ഗുജറാത്ത് ബാറ്ററുടെ ഏറ്റവും വേഗമേറിയ അർത്ഥസെഞ്ച്വറിയാണ് വിജയ് ശങ്കർ മത്സരത്തിൽ കുറിച്ചത്. ശങ്കറിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 204 എന്ന വമ്പൻ സ്കോറിൽ എത്തിപ്പെടാൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്.