വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ ആറാം മത്സരത്തിലും വിജയം നേടി കേരള ടീം. ആവേശകരമായ മത്സരത്തിൽ പോണ്ടിച്ചേരി ടീമിനെതിരെ 6 വിക്കറ്റുകളുടെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിന്റെ ടൂർണമെന്റിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരിയെ കേവലം 116 റൺസിന് പുറത്താക്കാൻ കേരളത്തിന്റെ ബോളർമാർക്ക് സാധിച്ചിരുന്നു. പിന്നീട് മത്സരത്തിൽ കേരളത്തിന്റെ ബാറ്റർമാരും മികവ് പുലർത്തിയതോടെ അനായാസ വിജയം കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ കേരളത്തിനായി അഖിൽ സ്കറിയയും സിജോമോൻ ജോസഫുമാണ് ബോളിംഗിൽ തിളങ്ങിയത്. ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തു.
മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് പേസർമാർ നൽകിയത്. പോണ്ടിച്ചേരിയുടെ ഓപ്പണർ കർഗാവേ(25) ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ പേസർമാരായ അഖിൻ, ബേസിൽ തമ്പി, അഖിൽ സ്കറിയ എന്നിവർക്ക് സാധിച്ചു. കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇവർ കേരളത്തെ മത്സരത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇതോടെ പോണ്ടിച്ചേരി തകർന്നുവീണു. മധ്യനിരയിൽ 44 റൺസ് നേടിയ നായകൻ ഫാബിത് അഹമ്മദ് മാത്രമായിരുന്നു പോണ്ടിച്ചേരിക്കായി അല്പസമയം എങ്കിലും ക്രീസിൽ പിടിച്ചുനിന്നത്.
മറുവശത്ത് കേരള ബോളർമാരുടെ ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. കേരളത്തിനായി സിജോമോൻ ജോസഫ് 2 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. അഖിൽ സ്കറിയ 15 റൺസ് മാത്രം വിട്ടു നൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. ബേസിൽ തമ്പിയും മത്സരത്തിൽ 2 വിക്കറ്റുകൾ നേടി മികവ് പുലർത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനീറങ്ങിയ കേരളത്തിന് മികച്ച തുടക്കം തന്നെയായിരുന്നു രോഹൻ കുന്നുമ്മൽ(23) നൽകിയത്. എന്നാൽ മുഹമ്മദ് അസറുദ്ദീന്റെ(8) വിക്കറ്റ് കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് വിഷ്ണു വിനോദ്(22) സച്ചിൻ ബേബി(25*) എന്നിവർ കേരളത്തിന്റെ സ്കോർ ചലിപ്പിച്ചു.
എത്രയും വേഗത്തിൽ മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ബാറ്റ് വീശിയത്. ഇതിനിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും കേരളം കൃത്യമായ സമയത്ത് സ്കോറിങ് റേറ്റ് ഉയർത്തിയിരുന്നു. ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തതോടെ മത്സരത്തിൽ കേരളം വിജയം സ്വന്തമാക്കുകയായിരുന്നു. സഞ്ജുവിന്റെ ഒരു ആറാട്ട് തന്നെയാണ് മത്സരത്തിൽ കണ്ടത്. 13 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 35 റൺസ് നേടി മത്സരത്തിൽ പുറത്താവാതെ നിന്നു. 4 ബൗണ്ടറികളും 3 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇതോടെ കേരളം 6 വിക്കറ്റുകളുടെ വിജയം മത്സരത്തിൽ സ്വന്തമാക്കുകയായിരുന്നു.