ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച നടക്കുന്നത് . ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും കുൽദീപ് യാദവിന് അവസരം നൽകാത്തതിനെ ഏറെ ആളുകൾ വിമർശിച്ചിരുന്നു . താരത്തെ മനപൂർവ്വം തഴയുന്നു എന്ന് വരെ ചിലർ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു .
അതേസമയം കുല്‍ദീപ് യാദവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. പ്ലെയിംഗ് ഇലവനില്‍ കുല്‍ദീപിന് ഇടം ലഭിച്ചില്ല എന്നത് തന്നെ ഏറെ ഞെട്ടിച്ചെന്നും ഓഫ് സ്പിന്നറായി നദീമിനെ ഉള്‍പ്പെടുത്തിയത് അബദ്ധമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
” ടീമിന്റെ ഭാഗമായിട്ടും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ കുല്‍ദീപിന് ഇടം ലഭിച്ചില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. ഇടംകൈയൻ സ്പിന്നർ അക്ഷര്‍ പട്ടേലിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഷഹബാസ് നദീമിനെ ടീമിലേക്ക് വിളിച്ചത് മനസ്സിലാവും. പക്ഷേ ചെന്നൈയില്‍ അശ്വിനോടൊപ്പം രണ്ടാം ഓഫ്സ്പിന്നറായി നദീമിനെ ടീം മാനേജ്‌മന്റ് ഉള്‍പ്പെടുത്തിയത് ഏറെ വിഡ്ഢിത്തമായിപ്പോയി ” ഹർഭജൻ തുറന്നുപറഞ്ഞു .
“നേരത്തെ അവസാനമായി കളിച്ച 2 ടെസ്റ്റുകളിലും കുൽദീപ് മത്സരത്തിൽ 5 വിക്കറ്റുകളെടുത്തിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തെ തഴഞ്ഞത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. കുല്‍ദീപിന്റെ സാന്നിദ്ധ്യം ചെന്നൈ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തില്‍ അല്‍പ്പം വൈവിദ്ധ്യം കൊണ്ടു വരുമായിരുന്നു. ടീമിലുണ്ടായിട്ടും സ്ഥിരമായി അവസരം ലഭിക്കാതിരിക്കുന്നത് കുൽദീപ് അടക്കം ഏതൊരു താരത്തിന്റെയും മനസ്സിലെ ആത്മവിശ്വാസം തകർക്കുവാൻ മാത്രമേ സഹായിക്കൂ “ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു .
പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന രവീന്ദ്ര ജഡേജക്ക് പകരം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഗാബ്ബയിലെ അരങ്ങേറ്റ ടെസ്റ്റിൽ തിളങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ മൂന്നാം സ്പിന്നറായി കുല്‍ദീപിനെ മറികടന്ന് ഷഹബാസ് നദീമിനെയാണ് ഇന്ത്യൻ ടീം പരിഗണിച്ചത്. എന്നാൽ ആദ്യ ഇന്നിങ്സിൽ ബൗളിംഗ് താരത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു .