അയർലൻഡിനെതിരെ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു മധ്യനിര ബാറ്റർ റിങ്കു സിംഗ് കാഴ്ചവച്ചത്. മത്സരത്തിൽ അയർലൻഡിനെതിരെ വെടിക്കെട്ട് തീർക്കാൻ റിങ്കുവിന് സാധിച്ചു. മത്സരത്തിൽ 21 പന്തുകളിൽ 38 റൺസാണ് റിങ്കു സിംഗ് നേടിയത്. 180 സ്ട്രൈക്ക് റേറ്റിലായിരുന്നു റിങ്കുവിന്റെ ഇന്നിങ്സ്. ഇന്നിങ്സിൽ 3 സിക്സറുകളും 2 ബൗണ്ടറികളും ഉൾപ്പെട്ടു. മാത്രമല്ല നിർണായകമായ സമയത്ത് ശിവം ദുബെയ്ക്കൊപ്പം ചേർന്ന് അഞ്ചാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ടാണ് റിങ്കു കെട്ടിപ്പടുത്തത്. ഇതോടുകൂടി മത്സരത്തിൽ റിങ്കു സിംഗിനെ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ശേഷം തന്റെ പ്രകടനത്തെപ്പറ്റി റിങ്കു സിംഗ് സംസാരിച്ചു. ഒരുപാട് നാളത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് തനിക്ക് മത്സരത്തിൽ ലഭിച്ചത് എന്ന് റിങ്കു പറയുന്നു. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച പരിചയസമ്പന്നതയും തനിക്ക് ഗുണം ചെയ്യുന്നുണ്ട് എന്ന് റിങ്കു ചൂണ്ടിക്കാണിച്ചു. “എനിക്ക് അതിയായ സന്തോഷം തോന്നുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്താണോ ഞാൻ ചെയ്തത്, അതുതന്നെ മത്സരത്തിൽ ആവർത്തിക്കാനാണ് ശ്രമിച്ചത്. എനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. മാത്രമല്ല മൈതാനത്ത് ശാന്തനായി തുടരാൻ തന്നെ ഞാൻ ശ്രമിച്ചു. എന്റെ ക്യാപ്റ്റൻ എനിക്ക് നൽകിയ നിർദ്ദേശങ്ങൾ ഞാൻ അനുസരിക്കുകയാണ് ചെയ്തത്.”- റിങ്കു സിംഗ് പറയുന്നു.
“എന്തായാലും വലിയ സന്തോഷം തന്നെ എനിക്കുണ്ട്. കഴിഞ്ഞ 10 വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ കളിക്കുന്നു. എല്ലാ കഠിനപ്രയത്നങ്ങൾക്കും എനിക്ക് ഫലം ലഭിച്ചിട്ടുണ്ട്. കളിച്ച ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”- റിങ്കു സിംഗ് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തക പ്രകടനമായിരുന്നു റിങ്കു കാഴ്ചവച്ചത്. കൊൽക്കത്ത നൈറ്റ്സിനായി കഴിഞ്ഞ സീസണിൽ ഏറ്റവുമധികം റൺസ് നേടിയത് റിങ്കു ആയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 474 റൺസാണ് ഈ മധ്യനിര ബാറ്റർ സീസണിൽ നേടിയത്. ഇതിനുശേഷമാണ് റിങ്കു സിംഗിന് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്.
മത്സരത്തിൽ റിങ്കുവിന്റെയും സഞ്ജു സാംസണിന്റെയും ഋതുരാജിന്റെയും മികവിൽ ഇന്ത്യ 33 റൺസിനാണ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കേവലം ഒരു മത്സരം മാത്രമാണ് ഇനി പരമ്പരയിൽ അവശേഷിക്കുന്നത്. എന്തായാലും യുവ താരങ്ങളുമായി മൈതാനത്തിറങ്ങിയ ഇന്ത്യയ്ക്ക് ഒരുപാട് സന്തോഷം നൽകുന്ന ഫലമാണ് വന്നിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിലേക്ക് വ്യത്യസ്തമായ ടീം കെട്ടിപ്പടുക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.