ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഒരു സ്വപ്ന ഇന്നിങ്സ് തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കാൻ സഞ്ജുവിന് മത്സരത്തിൽ സാധിച്ചു. മത്സരത്തിൽ മൂന്നാമനായി ആയിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ദുർഘടമായ പിച്ചിൽ വളരെ കരുതലോടെയാണ് സഞ്ജു തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
മറ്റു ബാറ്റർമാർ പിച്ചിൽ ബുദ്ധിമുട്ടിയപ്പോഴും സഞ്ജു സാംസണിന്റെ മികവ് മത്സരത്തിൽ കാണുകയുണ്ടായി. മത്സരത്തിൽ 110 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്റെ കന്നി സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിലെ പ്രകടനം തനിക്ക് എല്ലാത്തരത്തിലും വലിയ സന്തോഷം നൽകുന്നുണ്ട് എന്ന് സഞ്ജു പറയുകയുണ്ടായി.
മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിന് ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ. “ഈ നിമിഷം വളരെ വൈകാരികപരമായി ആണ് എനിക്ക് തോന്നുന്നത്. ഞാൻ ഒരുപാട് വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയിരുന്നു. ഇത്തരമൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ശാരീരികമായും മാനസികപരമായും ഒരുപാട് പ്രയത്നങ്ങൾ ഞാൻ ഇതിനിടെ നടത്തിക്കഴിഞ്ഞു.”
“ഇതിനൊക്കെയും ഫലം കാണുന്നത് വലിയ സന്തോഷം നൽകുന്നു. ദക്ഷിണാഫ്രിക്ക ന്യൂബോളിൽ നന്നായി പന്തെറിഞ്ഞിരുന്നു. എന്നാൽ പന്ത് പഴയതായപ്പോഴേക്കും കുറച്ച് സ്ലോ ആവുകയും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടായി മാറുകയും ചെയ്തു.”- സഞ്ജു സാംസൺ പറയുന്നു.
“പിച്ച് സ്ലോ ആയതോടുകൂടി ബാറ്റിംഗ് ദുർഘടമായി. കെഎൽ രാഹുൽ പുറത്തായതിന് ശേഷം ഞങ്ങൾക്ക് മൊമെന്റം നഷ്ടമായി. ആ സമയത്ത് മഹാരാജ് വളരെ നന്നായി പന്തറിഞ്ഞിരുന്നു. എന്നാൽ ഞാനും തിലക് വർമയും ക്രീസിലുറയ്ക്കാനും അവസാന ഓവറുകളിൽ ശക്തമായ ഫിനിഷിംഗ് നടത്താനുമാണ് ശ്രമിച്ചത്. ഇന്ന് ഞങ്ങൾ അധികമായി ഒരു ഓൾറൗണ്ടറെ ഉൾപ്പെടുത്തിയാണ് മൈതാനത്ത് എത്തിയത്. അതുകൊണ്ടു തന്നെ 40 ഓവറിന് ശേഷം വെടിക്കെട്ട് കാഴ്ചവെക്കാം എന്ന് ഞാനും തിലക് വർമയും തീരുമാനിച്ചിരുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
എന്തായാലും മത്സരത്തിൽ വളരെ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലായിരുന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റാൻ സഞ്ജുവിന്റെ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. 6 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
ഇതോടുകൂടി നിശ്ചിത 50 ഓവറുകളിൽ 296 എന്ന ശക്തമായ സ്കോറിൽ ഇന്ത്യ എത്തുകയും ചെയ്തു. രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഒരു ആശ്വാസകരമായ പ്രകടനം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.