ഇന്ത്യയിൽ ഇംഗ്ലണ്ട് പേസർമാർ നട്ടം തിരിയും. വലിയ വെല്ലുവിളിയെന്ന് ജെയിംസ് ആൻഡേഴ്സൺ..

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ജനുവരി 25 മുതൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി തങ്ങളുടെ യുവ ബോളർമാർക്ക് നിർദ്ദേശം നൽകുകയാണ് വെറ്ററൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ആദ്യമായി ഇന്ത്യൻ പിച്ചുകളിൽ ബോൾ ചെയ്യാൻ വരുന്ന തങ്ങളുടെ പേസ് ബോളർമാർക്ക് വലിയ വെല്ലുവിളിയുണ്ടാകും എന്നാണ് ആൻഡേഴ്സൺ പറയുന്നത്. അതിനാൽ തന്നെ അവർക്ക് വേണ്ട സഹായങ്ങൾ തന്റെ അനുഭവസമ്പത്ത് അനുസരിച്ച് നൽകാൻ തയ്യാറാണെന്നും ആൻഡേഴ്സൺ പറയുന്നു.

2012 ലാണ് ഇതിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യയിൽ ടെസ്റ്റ് മത്സരം വിജയിച്ചിട്ടുള്ളത്. 2021ൽ വിജയത്തിന് അടുത്തെത്തിയെങ്കിലും ഇന്ത്യയ്ക്കെതിരെ പോരാടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ശേഷമാണ് ഒരു തിരിച്ചടിക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത്. തങ്ങളുടെ ടീമിലുള്ള യുവതാരങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കി കൊടുക്കേണ്ട ആവശ്യമുണ്ട് എന്നാണ് ആൻഡേഴ്സൺ പറയുന്നത്.

“ഞങ്ങളുടെ ആളുകളിലേക്ക് കൂടുതൽ വിവരങ്ങൾ എത്തിച്ചു കൊടുക്കേണ്ടത് എന്റെ ജോലിയാണ്. ഇന്ത്യയിൽ ഇതിന് മുൻപ് കളിച്ചിട്ടില്ലാത്ത ഒരുപാട് ബോളർമാർ ഞങ്ങളുടെ നിരയിലുണ്ട്. അവർക്കൊക്കെയും ഇത് വ്യത്യസ്തമായ ഒരു വെല്ലുവിളി തന്നെയാവും. അവരെ ഒരുപാട് സഹായിക്കേണ്ടതായും വരും.”- ആൻഡേഴ്സൺ പറയുന്നു.

“ഞങ്ങൾ നാല് സീമർമാരുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അതിനാൽ ഒരുപാട് പേസ് ബോളിംഗ് ഇന്ത്യയിൽ നടത്തേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ റോളായിരിക്കും പേസർമാർക്ക് വഹിക്കേണ്ടി വരുന്നത്. ഇംഗ്ലണ്ടിൽ നിങ്ങൾ എറിയുന്ന അത്രയും ഓവറുകൾ ഇന്ത്യയിൽ എറിയേണ്ടി വരില്ല. എന്നിരുന്നാലും ഓരോ ഓവറും വളരെ നിർണായകം തന്നെയായിരിക്കും.”- ആൻഡേഴ്സൺ പറയുന്നു.

മുൻപ് പലതവണ ഇന്ത്യയിൽ കളിച്ചിട്ടുണ്ടെങ്കിലും അത്ര മികച്ച റെക്കോഡല്ല ആൻഡേഴ്സനും ഇന്ത്യയിലുള്ളത്. 2006, 2008, 2012, 2016, 2021 എന്നീ വർഷങ്ങളിലാണ് ആൻഡേഴ്സൺ മുൻപ് ഇന്ത്യയിൽ കളിച്ചിട്ടുള്ളത്.

ഏഷ്യയിലെ സ്പിന്നിന് അനുകൂലമായ സാഹചര്യത്തിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ആൻഡേഴ്സന് ഇതുവരെ സാധിച്ചിട്ടില്ല. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇതുവരെ 34 വിക്കറ്റുകളാണ് ആൻഡേഴ്സൺ ഏഷ്യയിൽ നേടിയിട്ടുള്ളത്. ഒരുതവണ പോലും 5 വിക്കറ്റ് നേട്ടം കൈവരിക്കാനും ആൻഡേഴ്സന് സാധിച്ചിട്ടില്ല.

ഇന്ത്യയിൽ 40 റൺസ് വിട്ടുനൽകി 4 വിക്കറ്റുകൾ നേടിയതാണ് ആൻഡേഴ്സന്റെ ഏഷ്യയിലെ ഏറ്റവും മികച്ച നേട്ടം. ഇത്തവണ ഈ റെക്കോർഡുകളൊക്കെയും മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് 41കാരൻ ഇന്ത്യയിൽ എത്തുന്നത്.

Previous articleഫീല്‍ഡില്‍ അമാനുഷികനായി വിരാട് കോഹ്ലി. മത്സരത്തിലെ നിര്‍ണായക നിമിഷങ്ങള്‍
Next articleഎന്തുകൊണ്ട് ദുബെയെ ഇന്ത്യ ലോകകപ്പ് ടീമിൽ കളിപ്പിക്കണം? 4 കാരണങ്ങൾ ഇവ.