സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ 3-0ന്റെ തോൽവി ഇന്ത്യൻ ടീമിനും ആരാധകർക്കും നൽകിയത് വൻ നിരാശ. ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-1ന് നഷ്ടമായ ഇന്ത്യൻ ടീമിന് ഇതോടെ സൗത്താഫ്രിക്കൻ പര്യടനം ഒരു ദുഃഖ ഓർമയായി മാറി. എന്നാൽ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ വരാനിരിക്കുന്ന പരമ്പരകളിൽ എല്ലാം മാറ്റങ്ങൾ ഇന്ത്യൻ സ്‌ക്വാഡിൽ വരും എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വരുന്ന ഏകദിന ലോകകപ്പ് ജയിക്കാൻ മികച്ച സ്‌ക്വാഡിനെ തയ്യാറെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് വിശദമാക്കിയിരുന്നു. കൂടാതെ പുതിയ ചില യുവ താരങ്ങൾ കൂടി വരുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ടീമിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ ഒരു നിർണായകമായ പ്രതികരണം നടത്തുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ഇക്കഴിഞ്ഞ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം ഒന്നും തന്നെ പുറത്തെടുക്കാൻ കഴിയാതെ പോയ ആൾറൗണ്ടറായ വെങ്കടേഷ് അയ്യർക്ക് ഇനി ഒരിക്കലും ഏകദിന ക്രിക്കറ്റ് ടീമിലേക്ക് അവസരം നൽകരുതെന്നാണ് ഗംഭീർ അഭിപ്രായം. “ഒരൊറ്റ സീസണിൽ മാത്രം തിളങ്ങിയ താരമാണ് വെങ്കടേഷ് അയ്യർ. ഏഴോ എട്ടോ ഇന്നിംഗ്സിൽ തിളങ്ങിയ ഒരാൾ ഏകദിന ടീമിൽ കളിക്കുന്നതിനേക്കാൾ നല്ലത് ടി :20 ടീമിൽ മാത്രം കളിക്കുന്നത് തന്നെയാണ്. ഏകദിന ടീമിൽ കളിക്കാൻ പാകമായി എത്തുമ്പോൾ അദ്ദേഹത്തെ നമുക്ക് പരിഗണിക്കാം “ഗംഭീർ തന്റെ അഭിപ്രായം വിശദമാക്കി.
” ടി :20 ക്രിക്കറ്റിൽ വെങ്കടേഷ് അയ്യർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് നല്ലത്. അതും അദ്ദേഹത്തിന് ഓപ്പണിങ് റോളിൽ മാത്രം അവസരം നൽകാം. ഐപിഎല്ലിൽ അയ്യർ തിളങ്ങിയത് ഓപ്പണർ എന്നുള്ള റോളിലാണ്. ആ സ്ഥാനം ഇന്ത്യൻ ടീമിലും ലഭിക്കട്ടെ. ഐപിൽ പ്രകടനം മാത്രമാണ് ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള അടിസ്ഥാനം എങ്കിൽ അദ്ദേഹം ടി :20 ക്രിക്കറ്റ് മാത്രം കളിക്കട്ടെ ” ഗംഭീർ നിരീക്ഷിച്ചു