2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിച്ചിരിക്കുകയാണ്. ലേലത്തിൽ വളരെ ആക്ടീവായ ഒരു ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ ചില തീരുമാനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇപ്പോൾ.
ലേലത്തിലേക്ക് ഒരു വമ്പൻ തുകയുമായി എത്തിയിട്ടും പ്രധാന താരങ്ങൾക്ക് വേണ്ടി ബാംഗ്ലൂർ ശ്രമിക്കാതിരുന്നതാണ് ഉത്തപ്പ ചോദ്യം ചെയ്യുന്നത്. കെഎൽ രാഹുൽ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക് എന്നിങ്ങനെയുള്ള വമ്പൻ താരങ്ങൾ ലേലത്തിൽ അണിനിരന്നിട്ടും, ബാംഗ്ലൂർ ഇവരെ സ്വന്തമാക്കാൻ ശ്രമിച്ചില്ല എന്നും ഇത് ഒരു വലിയ മണ്ടത്തരമാണെന്നും ഉത്തപ്പ പറഞ്ഞു.
ആദ്യ സെറ്റിന് ശേഷം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ലിയാം ലിവിങ്സ്റ്റണെ മാത്രമായിരുന്നു ബാംഗ്ലൂർ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് ബാംഗ്ലൂരിനെതിരെ ഉത്തപ്പ രംഗത്ത് വന്നത്. “ഐപിഎല്ലിലെ എന്റെ പ്രിയപ്പെട്ട 3 ഫ്രാഞ്ചൈസികൾ കൊൽക്കത്തയും ചെന്നൈയും ബാംഗ്ലൂരുമാണ്. ഈ 3 ഫ്രാഞ്ചൈസികൾക്കായും ഞാൻ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ബാംഗ്ലൂർ താരം എന്ന നിലയ്ക്കാണ് ഞാനിപ്പോൾ സംസാരിക്കുന്നത്.
സത്യത്തിൽ ഞാൻ വളരെ ആശങ്കയിലാണ്. എന്താണ് ബാംഗ്ലൂർ ലേലത്തിൽ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കാരണം ലേലത്തിലേക്ക് എത്തുമ്പോൾ ഏറ്റവുമധികം തുകയുള്ള ടീമുകളിൽ ഒന്നായിരുന്നു ബാംഗ്ലൂർ. പക്ഷേ വമ്പൻ താരങ്ങൾക്കായി അവർ ശ്രമിച്ചതേയില്ല.”- ഉത്തപ്പ പറയുന്നു.
“ബാംഗ്ലൂർ ഇത്തവണ തങ്ങളുടെ ടീം പുനർ നിർമാണത്തിനായിരുന്നു ശ്രമിക്കേണ്ടത്. അങ്ങനെ പുതുതായി ഒരു കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ പരിഗണിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. എല്ലാ വർഷവും തങ്ങളുടെ ആരാധകർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ അവരുടെ വികാരങ്ങൾ കൂടി ലേലസമയത്ത് ബാംഗ്ലൂർ കണക്കിലെടുക്കണമായിരുന്നു. എല്ലാ വർഷവും അവർ ടീമിനായി ആരവങ്ങൾ മുഴക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അവർ വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കും. ബാംഗ്ലൂർ ടീമിന്റെ മുൻതാരം എന്ന നിലയ്ക്ക് അവർക്ക് ഈ ലേലത്തിൽ കുറച്ച് അബദ്ധങ്ങൾ പറ്റിയതായി എനിക്ക് തോന്നുന്നു.”- ഉത്തപ്പ കൂട്ടിച്ചേർത്തു.
“ചിന്നസ്വാമി സ്റ്റേഡിയത്തിലെ സാഹചര്യത്തിൽ ബാംഗ്ലൂർ ശ്രമിക്കേണ്ടത് മിച്ചൽ സ്റ്റാർക്കിനെ പോലെ ഒരു വമ്പൻ ബോളറെ സ്വന്തമാക്കാനായിരുന്നു. എന്നാൽ അതിന് ബാംഗ്ലൂർ തയ്യാറായില്ല. കെഎൽ രാഹുലിനായി ബാംഗ്ലൂരിന് ശ്രമിക്കാമായിരുന്നു. പക്ഷേ അതിനും തയ്യാറായില്ല. പന്തിനെയോ ശ്രേയസ് അയ്യരെയോ സ്വന്തമാക്കാനും ബാംഗ്ലൂർ രംഗത്ത് എത്തിയില്ല. പേഴ്സിൽ ഒരുപാട് പണം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു താരത്തിനായി 20- 23 കോടി രൂപ മുടക്കിയാലും വലിയ നഷ്ടം ഉണ്ടാവില്ലായിരുന്നു. പക്ഷേ അതൊന്നും ബാംഗ്ലൂർ ഇവിടെ ചെയ്തില്ല.”- ഉത്തപ്പ പറഞ്ഞുവയ്ക്കുന്നു.