കഴിഞ്ഞ വർഷമായിരുന്നു റോബിൻ ഉത്തപ്പ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയത്. ഇപ്പോഴും താരം ടീമിലെ പ്രധാന താരമാണ്. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ എം എസ് ധോണിയുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തെ മഹി ഭായ് എന്ന് വിളിക്കാൻ ഉള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ഉത്തപ്പയുടെ വാക്കുകളിലൂടെ. “ധോണിയെ ഇന്നു മഹിഭായ് എന്നു വിളിക്കാൻ എനിക്ക് ഏറെ പ്രയാസമാണ്. കാരണം ധോണിയായ് തന്നെയാണ് അദ്ദേഹത്തെ ഞാൻ അറിയുന്നത്. പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷം അല്ലെങ്കിൽ 13 വർഷങ്ങൾക്കു ശേഷമാണു ഞാൻ ധോണിക്കൊപ്പം കളിക്കുന്നത്.
ഞാൻ ധോണിയോട് എനിക്ക് അറിയാത്ത മട്ടിൽ ചോദിച്ചു, താങ്കളെ ഞാൻ എന്താണു വിളിക്കേണ്ടതെന്ന്. എല്ലാവരും താങ്കളെ മഹി ഭായ് എന്നാണല്ലോ വിളിക്കുന്നത്, ഞാനും അങ്ങനെ വിളിച്ചാൽ മതിയോ എന്നു ചോദിച്ചു. എന്നെ എംഎസ് എന്നോ മഹിയെന്നോ അല്ലെങ്കിൽ എന്തു വേണമെങ്കിലും വിളിച്ചോളൂ എന്നാണു ധോണി പറഞ്ഞത്.
ചാലഞ്ചേഴ്സ് ട്രോഫിക്കിടെ, 2004ലാണ് ധോണിയെ ആദ്യമായി കാണുന്നത്. മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാമും ടൂർണമെന്റിന് ഉണ്ടായിരുന്നു. ധോണിയുമായി വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. ശ്രീറാമിലൂടെയാണ് ഞാൻ ധോണിയിലേക്ക് എത്തുന്നത്. പിന്നീട് ഞങ്ങൾ ഒന്നിച്ചു കൂറേ സമയം ചെലവിട്ടു.
പിന്നീട് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപെട്ടതോടെയാണു ധോണിയുമായി കൂടുതൽ അടുക്കുന്നത്. പരമ്പരയുടെ ഭൂരിഭാഗം സമയവും ഞാൻ ബെഞ്ചിലാണ് ഇരുന്നതെങ്കിലും ധോണിയുമായി വളരെ അടുത്തു. ധോണി, ഇർഫാൻ പഠാൻ, ആർ.പി. സിങ്, പിയുഷ് ചൗള, ഞാൻ എന്നിവർ ഒന്നിച്ചാണു സമയം ചെലവിട്ടത്”- ഉത്തപ്പ പറഞ്ഞു.