അമേരിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. ആവേശകരമായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അർഷദീപ് സിംഗ് ആയിരുന്നു ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്.
ബാറ്റിംഗിൽ സൂര്യകുമാർ യാദവും ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെയാണ് ഇന്ത്യ സൂപ്പർ എട്ടിൽ എത്തിയത്. മറുവശത്ത് അമേരിക്കയെ സംബന്ധിച്ച് അടുത്ത മത്സരം വളരെ നിർണായകമാണ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് അർഷദീപ് സിംഗ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് അർഷദീപ് ഇന്ത്യക്കായി അൽഭുതം കാട്ടിയത്. ശേഷം കൃത്യമായ ഇടവേളകളിൽ അമേരിക്കയുടെ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിരുന്നു.
എന്നാൽ ദുർഘടമായ പിച്ചിൽ മെല്ലെ റൺസ് കണ്ടെത്താൻ അമേരിക്ക ശ്രമിക്കുകയും ചെയ്തു. അമേരിക്കക്കായി ഓപ്പണർ ടൈലർ 24 റൺസും, മധ്യനിര ബാറ്റർ നിതീഷ് കുമാർ 27 റൺസും സ്വന്തമാക്കുകയുണ്ടായി.
എന്നാൽ മത്സരത്തിൽ അർഷദീപ് സിംഗ് മികവ് പുലർത്തിയപ്പോൾ അമേരിക്കയുടെ ഇന്നിംഗ്സ് കേവലം 112 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷദീപ് സിംഗ് നാലോവറുകളിൽ 9 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കി. ഹർദിക് പാണ്ഡ്യ മത്സരത്തിൽ 2 വിക്കറ്റുകളാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്.
ഗോൾഡൻ ഡക്കായി വിരാട് കോഹ്ലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടുപിന്നാലെ 3 റൺസ് എടുത്ത രോഹിത് ശർമയും കൂടാരം കയറിയതോടെ ഇന്ത്യ തകർന്നു. പിന്നീട് പന്തും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ കൈ പിടിച്ചു കയറ്റിയത്.
തന്റെ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് വേണ്ട രീതിയിൽ മികവ് പുലർത്താൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. എന്നാൽ 18 റൺസെടുത്ത പന്ത് മടങ്ങിയതിന് ശേഷം സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻപിലേക്ക് വരികയായിരുന്നു. സൂര്യയ്ക്കൊപ്പം ശിവം ദുബെയും മികച്ച ബാറ്റിംഗ് പ്രകടനാം പുറത്തെടുത്തതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി.
മത്സരത്തിൽ സൂര്യകുമാർ ഇന്ത്യക്കായി 49 പന്തുകൾ നേരിട്ട് 50 റൺസാണ് നേടിയത്. ശിവം ദുബെ 35 പന്തുകളിൽ 31 റൺസ് സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.