ക്രിക്കറ്റ് എപ്പോഴും മാന്യന്മാരുടെ കളിയാണ്. അതിനാൽ തന്നെ ചതി എന്നത് ക്രിക്കറ്റിന് ഒരുകാലത്തും യോജിച്ചതല്ല. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വളരെ നാടകീയമായ ഒരു സംഭവമുണ്ടായി. മത്സരത്തിന്റെ അവസാന ഭാഗത്ത് വിരാട് കോഹ്ലിക്ക് സെഞ്ചുറി നേടാൻ ആവശ്യമായിരുന്നത് 3 റൺസായിരുന്നു. ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 2 റൺസും. ഒരു ബൗണ്ടറി സ്വന്തമാക്കി തന്റെ സെഞ്ച്വറി പൂർത്തീകരിക്കാനാണ് മത്സരത്തിൽ വിരാട് ശ്രമിച്ചത്. എന്നാൽ ബംഗ്ലാദേശ് ബോളർ നസും അഹമ്മദ് ഒരു വലിയ ചതി കാട്ടുകയുണ്ടായി. ഇന്ത്യയ്ക്ക് 2 റൺസ് മാത്രം വിജയിക്കാൻ വേണ്ടിയിരുന്ന സമയത്ത്, നസും അഹമ്മദ് ഒരു വൈഡ് എറിഞ്ഞു.
ഒരുപക്ഷേ കോഹ്ലിയുടെ സെഞ്ച്വറി തടുക്കാനുള്ള ബംഗ്ലാദേശിന്റെ തന്ത്രമായിരിക്കാം അത്. ആ പന്തിൽ അമ്പയർ വൈഡ് വിളിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ പിന്നീട് ആവശ്യമായി വേണ്ടത് ഒരു റണ്ണായിരുന്നു. എന്നാൽ വിരാട് കോഹ്ലി ഒരു റൺ നേടിയാൽ അദ്ദേഹത്തിന് സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കില്ലായിരുന്നു.
അത്തരമൊരു ലക്ഷ്യത്തോടെ നസും അഹമ്മദ് രംഗത്തെത്തിയത് ആരാധകരെ അടക്കം ചൊടിപ്പിച്ചു. എന്നാൽ ഈ സമയത്ത് വളരെ പക്വതയാർന്ന രീതിയിലാണ് അമ്പയർ കെറ്റിൽബ്രോ പെരുമാറിയത്. നസും അഹമ്മദ് കോഹ്ലിയുടെ ലെഗ് സൈഡിലൂടെ വൈഡ് എറിഞ്ഞു. എന്നാൽ അത് മനപ്പൂർവമാണ് എന്ന് മനസ്സിലാക്കിയ കെറ്റിൽബ്രോ വൈഡ് വിളിക്കാൻ കൂട്ടാക്കിയില്ല.
ഇതു മത്സരത്തിൽ വളരെ നിർണായകമായി മാറി. കോഹ്ലി ഓവറിലെ അടുത്ത പന്തിൽ ഒരു സിക്സർ സ്വന്തമാക്കുകയും തന്റെ സെഞ്ച്വറി പൂർത്തീകരിക്കുകയും ചെയ്തു. ഒരുപക്ഷേ കെറ്റിൽബ്രോ ആ പന്ത് വൈഡ് വിളിച്ചിരുന്നെങ്കിൽ കോഹ്ലിക്ക് സെഞ്ചുറി നേടുക എന്നത് അല്പം ബുദ്ധിമുട്ടായി മാറിയേനെ. പക്ഷേ കെറ്റിൽബ്രോയുടെ അത്തരമൊരു തീരുമാനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിലടക്കം ഇതിനോടകം ലഭിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ആ പന്ത് അമ്പയർ വൈഡ് വിളിക്കാതിരുന്നത് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഒരുപക്ഷേ ബോളർ മനപ്പൂർവം എറിഞ്ഞതാണ് എന്ന് കരുതിയാവാം അമ്പയർ വൈഡ് വിളിക്കാതിരുന്നത് എന്ന് ഒരു കൂട്ടം ആരാധകർ പറയുന്നു. അതേസമയം വിരാട് കോഹ്ലി ക്രീസിൽ മൂവ് ചെയ്തത് കൊണ്ടാവാം എന്നും ആരാധകർ പറയുന്നുണ്ട്.
എന്തായാലും അമ്പയറുടെ ഈ തീരുമാനത്തിന് വലിയ രീതിയിലുള്ള പ്രശംസകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത്തരം ചതികൾ ക്രിക്കറ്റിൽ ഉണ്ടാവാൻ പാടില്ല എന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്തായാലും മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സ് തന്നെയാണ് ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ 97 പന്തുകളിൽ നിന്ന് 103 റൺസ് ആണ് കോഹ്ലി നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടിരുന്നു. തന്റെ ഏകദിന കരിയറിലെ 48 ആം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് നേടിയത്.