2024 ട്വന്റി20 ലോകകപ്പ് പല ഇന്ത്യൻ യുവതാരങ്ങൾക്കും വളരെ നിർണായകമാണ്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചും വലിയ സാധ്യതയാണ് ഉയർത്തിയിരിക്കുന്നത്. ജൂൺ 5ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.
അതിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരെ 3 ട്വന്റി20 മത്സരങ്ങൾ കളിക്കുകയാണ് നിലവിൽ ഇന്ത്യ. ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ എല്ലാ യുവതാരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധ്യതയുള്ള 5 താരങ്ങളെ പരിശോധിക്കാം.
- ശിവം ദുബെ
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ താരമാണ് ശിവം ദുബെ. ലഭിച്ച അവസരങ്ങളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ 30കാരന് സാധിച്ചിട്ടുണ്ട്. അഫ്ഗാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 40 പന്തുകളിൽ 60 റൺസ് നേടി ദുബെ താരമായി മാറിയിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലാണ് ദുബെ ഇത്തവണയും ഐപിഎല്ലിൽ ഇറങ്ങുന്നത്. അതിനാൽ തന്നെ ധോണി ദുബെയ്ക്ക് കൂടുതൽ ബാറ്റിംഗ് അവസരങ്ങൾ നൽകും എന്നത് ഉറപ്പാണ്. 2024ലെ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ദുബെയ്ക്ക് ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇടം പിടിക്കാൻ സാധിക്കും.
- യുസ്‌വെന്ദ്ര ചഹൽ
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനാണ് ചാഹൽ. എന്നിരുന്നാലും നിലവിൽ ചാഹലിന് വലിയ അവസരങ്ങൾ ടീമിൽ ലഭിക്കുന്നില്ല. 2023 ഓഗസ്റ്റിലാണ് ചാഹൽ ഇന്ത്യക്കായി അവസാന ട്വന്റി20 മത്സരം കളിച്ചത്. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കാനും ചാഹലിന് സാധിച്ചില്ല.
എന്നിരുന്നാലും ഇത്തവണത്തെ ഐപിഎൽ ചാഹലിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ചാഹലിന് 2024 ട്വന്റി20 ടീമിൽ ഇടം ലഭിക്കൂ.
- സഞ്ജു സാംസൺ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ സെഞ്ച്വറിയോട് കൂടി സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 സ്ക്വാഡിൽ സഞ്ജു ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് മുകളിലായി ജിതേഷ് ശർമയാണ് പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നത്.
എന്നിരുന്നാലും നിലവിൽ മികച്ച ഫോമിൽ തന്നെയാണ് സഞ്ജു സാംസൺ കളിക്കുന്നത്. രാജസ്ഥാൻ റോയൽസിനായി 2024 ഐപിഎല്ലിൽ നല്ല ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജുവിന് ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ കഴിയും.
- കെഎൽ രാഹുൽ
കോഹ്ലിയും രോഹിത് ശർമയും 14 മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരികെ എത്തുകയുണ്ടായി. എന്നാൽ രാഹുലിന് ഇതുവരെ ടീമിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. 2022 നവംബറിലാണ് രാഹുൽ അവസാനമായി ഇന്ത്യക്കായി ട്വന്റി20 മത്സരം കളിച്ചത്. ട്വന്റി20യിൽ അത്ര മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ രാഹുലിന് ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഓപ്പണറായാണ് രാഹുൽ കളിക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് 3 ഓപ്പണർമാർ ഉള്ളതിനാൽ തന്നെ രാഹുലിന്റെ ടീമിലെ സ്ഥാനം അനിശ്ചിതാവസ്ഥയിലാണ്. അതുകൊണ്ടു തന്നെ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് രാഹുലിന് വളരെ നിർണായകമാണ്. ഐപിഎല്ലിൽ മധ്യനിരയിൽ കളിച്ച് ഒരു മികച്ച ഇമ്പാക്ട് ഉണ്ടാക്കിയെടുത്താൽ മാത്രമേ രാഹുലിന് ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ.
- റിഷഭ് പന്ത്
വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ക്രിക്കറ്ററാണ് റിഷഭ് പന്ത്. 2022 ഡിസംബറിൽ കാർ അപകടത്തിൽ പരിക്കേറ്റതിന് ശേഷം പന്തിന് ക്രിക്കറ്റിലേക്ക് തിരികെയെത്താൻ സാധിച്ചിട്ടില്ല. ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന പന്തിന്റെ ഒരു തിരിച്ചുവരവിനാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പന്തിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മാജിക് കാഴ്ചവച്ചാൽ മാത്രമേ പന്തിന് ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ തിരിച്ചെത്താൻ സാധിക്കൂ.