ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഓൾറൗണ്ടർ ശിവം ദുബെ കാഴ്ച വെച്ചിട്ടുള്ളത്. തനിക്ക് ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ദുബെ ഉപയോഗിക്കുകയുണ്ടായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ദുബയ്ക്ക് സാധിച്ചു.
ഇതിന് ശേഷം ശിവം ദുബെയുടെ ട്വന്റി20 ലോകകപ്പിലെ സ്ഥാനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ശിവം ദുബെയെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തുമോ എന്നതാണ് ആരാധകർക്കിടയിലുള്ള വലിയ സംശയം. എന്തുകൊണ്ടാണ് ശിവം ദുബെ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സ്ഥാനമർഹിക്കുന്നത് എന്ന് പരിശോധിക്കാം.
1. പവർ ഹിറ്റർ
നിലവിൽ ഇന്ത്യൻ ടീമിലെ വളരെ മികച്ച ഹിറ്റർ തന്നെയാണ് ശിവം ദുബെ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലടക്കം വെടിക്കെട്ട് ഷോട്ടുകൾ കൊണ്ട് മികവ് പുലർത്തിയാണ് ദുബെ ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തിയത്. സ്പിന്നർമാർക്കെതിരെയും മറ്റും അനായാസം സിക്സറുകൾ പറത്താൻ സാധിക്കും എന്നതാണ് ദുബെയുടെ ഏറ്റവും വലിയ പ്രത്യേകത. നാലാം നമ്പറിൽ യുവരാജിന് പകരക്കാരനായി ഇന്ത്യയ്ക്ക് ചേർക്കാനാവുന്ന ഒരു താരമായി ഇന്ത്യയ്ക്ക് ഭാവിയിൽ മാറും എന്നാണ് പ്രതീക്ഷ.
2. ഇടംകയ്യൻ
ഇന്ത്യൻ ടീമിന്റെ ഘടനയിൽ മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററുടെ ആവശ്യം നിർണായകമാണ്. മുൻപ് യുവരാജ് സിംഗ് ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്ത് ഇന്ത്യയ്ക്ക് യുവരാജിന്റെ ഇടംകൈ ബാറ്റിംഗ് നന്നായി തന്നെ മുതലാക്കാൻ സാധിച്ചിരുന്നു. മധ്യ ഓവറുകളിൽ ബോളർമാർക്കിടയിൽ വലിയ രീതിയിലുള്ള സംശയങ്ങൾ സൃഷ്ടിക്കാൻ ഇടംകൈ- വലംകൈ കോമ്പിനേഷന് സാധിക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ത്യയുടെ മധ്യനിരയിൽ വരുന്നത് ഗുണം ചെയ്യും.
3. ഫിനിഷർ
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ശിവം ദുബയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവുകളാണ്. ആദ്യ മത്സരങ്ങളിൽ ശക്തമായി മത്സരം ഫിനിഷ് ചെയ്യാൻ ദുബെയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ധോണിയുടെ കീഴിൽ കളിക്കാൻ ആരംഭിച്ചത് മുതൽ ശിവം ദുബെ ഒരുപാട് പക്വത പുലർത്തുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് നാലാം നമ്പർ എന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ ആ സ്ഥാനം കൃത്യതയോടെ ഏറ്റെടുക്കാൻ ഇതുവരെ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യ ലോകകപ്പിൽ ദുബെയെ ഉൾപ്പെടുത്തിയാൽ നാലാം നമ്പറിൽ ശക്തനായ ഒരു ബാറ്ററെ ടീമിന് ലഭിക്കും.
4. ബോളിങ്ങിലെ പുരോഗതി
ഒരു പേസ് ഓൾറൗണ്ടറുടെ എല്ലാ സ്വഭാവങ്ങളും അഫ്ഗാനിസ്ഥാനെതിരെ കാട്ടാൻ ശിവം ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിംഗിൽ തനിക്ക് ലഭിച്ച അവസരങ്ങളൊക്കെയും പരമ്പരയിൽ നന്നായി തന്നെ ദുബെ ഉപയോഗിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും ദുബെ വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. കൃത്യമായ ലൈനും ലെങ്തും പാലിക്കാനും ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്.
അതിനാൽ തന്നെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആറാം ബോളിംഗ് ഓപ്ഷനായി ദുബെയ്ക്ക് മാറാൻ സാധിക്കും. മധ്യ ഓവറുകളിൽ തന്റെ ബോളിംഗ് കൊണ്ട് കളി നിർണയിക്കാനും സാധിക്കുന്ന താരമാണ് ദുബെ.