ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ന്യൂസിലാൻഡ് പേസർ ടിം സൗത്തി. പരിക്കിൽ നിന്ന് തിരികെ വന്നതിന് ശേഷം ബുമ്ര മൈതാനത്ത് കാഴ്ചവയ്ക്കുന്ന അത്യുഗ്രൻ പ്രകടനങ്ങളെ കണക്കിലെടുത്താണ് സൗതി സംസാരിച്ചത്. എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ ബുമ്രയ്ക്കുള്ള കഴിവിനെ സൗത്തി എടുത്തു കാട്ടുകയുണ്ടായി.
2022ലായിരുന്നു വലിയൊരു പരിക്കേറ്റ ബൂമ്ര ഒരു സർജറി മൂലം ക്രിക്കറ്റിൽ നിന്ന് മാറിനിന്നത്. ശേഷം ഒരുപാട് നാളത്തെ കഠിന പ്രയത്നത്തിലൂടെ ഇന്ത്യൻ ടീമിൽ ബുമ്ര തിരികെ എത്തുകയായിരുന്നു. പിന്നീട് ടെസ്റ്റ് മത്സരങ്ങളിലും മറ്റും മികച്ച പ്രകടനം നടത്തി ബൂമ്ര ശ്രദ്ധ നേടി. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ പ്രധാന പങ്കുവഹിച്ചത് ബൂമ്രയുടെ ബോളിംഗ് മികവ് തന്നെയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സൗതി രംഗത്ത് വന്നിരിക്കുന്നത്.
എല്ലാ ഫോർമാറ്റിലും വ്യക്തമായ രീതിയിൽ സ്ഥിരത പുലർത്താൻ ബുമ്രയ്ക്ക് സാധിക്കുന്നുണ്ട് എന്ന് സൗതി എടുത്തു കാട്ടുന്നു. 2024 ട്വന്റി20 ലോകകപ്പിലെ ബൂമ്രയുടെ പ്രകടനം അങ്ങേയറ്റം അഭിനന്ദനീയം തന്നെയാണ് എന്ന് സൗത്തി കൂട്ടിച്ചേർക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
“ഇത്തരമൊരു വലിയ പരിക്കിൽ നിന്ന് ഇങ്ങനെ തിരിച്ചു വരിക എന്നത് അസാധ്യമായ കാര്യമാണ്. ബൂമ്ര പരിക്കിൽ നിന്ന് തിരികെ വരിക മാത്രമല്ല ചെയ്തത്. അതിന് ശേഷം മുൻപുണ്ടായതിനേക്കാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. വളരെ അനായാസം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും അവന് കഴിഞ്ഞു.”- സൗതി പറയുന്നു.
“ഇപ്പോൾ ഒരുപാട് പരിചയസമ്പന്നനായ ബോളർ കൂടിയാണ് ബൂമ്ര. കൃത്യമായി മത്സരത്തെ വിലയിരുത്താൻ താരത്തിന് എല്ലായിപ്പോഴും സാധിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ബുമ്രയുടെ ഏറ്റവും മികച്ച വേർഷനാണ് നമുക്ക് കാണാൻ സാധിക്കുന്നത്. എല്ലാ ഫോർമാറ്റിലും അവിസ്മരണീയ പ്രകടനം തന്നെ താരം പുറത്തെടുക്കുന്നുണ്ട്. നിലവിൽ അവനെക്കാൾ മികച്ച ഒരു ബോളർ ലോക ക്രിക്കറ്റിലുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അത്രമാത്രം ആധിപത്യമാണ് ഇപ്പോൾ ക്രിക്കറ്റിൽ ബൂമ്ര പുലർത്തുന്നത്.”- സൗതി കൂട്ടിച്ചേർത്തു.
2023 ആഗസ്റ്റിലാണ് ബൂമ്ര വലിയ പരിക്കിൽ നിന്ന് തിരികെ ടീമിലെത്തിയത്. ശേഷം 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായക പ്രകടനം താരം കാഴ്ചവച്ചു. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് ബൂമ്ര കൊയ്തത്. ശേഷം 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായിരുന്നു ബുമ്ര. 15 വിക്കറ്റുകളായിരുന്നു ബൂമ്ര ടൂർണ്ണമെന്റിൽ സ്വന്തമാക്കിയത്. 4.17 എന്ന അവിസ്മരണീയ എക്കണോമി റേറ്റിലാണ് ബൂമ്രയുടെ ഈ നേട്ടം. ഈ തകർപ്പൻ പ്രകടനത്തിലൂടെ ടൂർണമെന്റിലെ താരമായി മാറാനും ബൂമ്രയ്ക്ക് സാധിച്ചിട്ടുണ്ട്.