രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടം. ഓസീസിന് മിന്നുമണിയുടെ “ഡബിൾ പ്രഹരം”.

minnu mani

ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് മലയാളി താരം മിന്നുമണി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ അഭിമാന താരമായ മിന്നുമണി 5 വിക്കറ്റുകൾ സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ എ ടീമിന്റെ 5 വിക്കറ്റുകൾ മിന്നു പിഴുതെറിഞ്ഞിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിലും തകർപ്പൻ പ്രകടനം നടത്തി ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് മിന്നുമണി നൽകിയിരിക്കുന്നത്. മിന്നുമണിയുടെ ഈ മികച്ച ബോളിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ലീഡ് കുറയ്ക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓപ്പണർ ജോർജിയ ബോൾ കാഴ്ചവെച്ചത്. എന്നാൽ മിന്നുമണി ബോളിംഗ് ക്രീസിലെത്തിയതോടെ ഓസ്ട്രേലിയ എ ടീം തകരുകയായിരുന്നു. ഒപ്പം പ്രിയാ മിശ്രയും മികച്ച പ്രകടനം ആദ്യ ഇന്നിങ്സിൽ കാഴ്ചവച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 58 റൺസ് മാത്രം വിട്ടു നൽകിയാണ് മിന്നുമണി 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. പ്രിയ മിശ്ര 58 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളും നേടുകയുണ്ടായി. ഇതോടെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 212 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ശ്വേത സെറാവത്ത്(40) നൽകിയത്.

Read Also -  ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.

എന്നാൽ പിന്നീട് ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ കേവലം 184 റൺസ് മാത്രം സ്വന്തമാക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ഓസ്ട്രേലിയക്കായി പീറ്റേഴ്സൺ 16 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ 28 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി മിന്നുമണി തകർത്തെറിയുന്നതാണ് കണ്ടത്. ആദ്യ ഇന്നിങ്സിൽ മികവ് പുലർത്തിയ ജോർജിയ ബോളിനെ ഡക്കായി മടക്കിയാണ് മിന്നുമണി ആരംഭിച്ചത്. ശേഷം ഓസ്ട്രേലിയൻ നായകൻ നോട്ടും മിന്നുമണിയുടെ മുൻപിൽ മുട്ടുമടക്കി.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയെ മുൻപിലെത്തിക്കാൻ താരത്തിന് സാധിച്ചു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ ഓസ്ട്രേലിയയുടെ ലീഡ് 192 റൺസായി മാറിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ 47 റൺസ് മാത്രം വിട്ടുനൽകിയാണ് മിന്നുമണി ഓസ്ട്രേലിയൻ നിരയിലെ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കൂ.

Scroll to Top