“മൂന്നാം നമ്പർ തിലക് വർമ ചോദിച്ചു വാങ്ങിയത്, കിട്ടിയ അവസരം നന്നായി മുതലാക്കി”- സൂര്യകുമാർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന ഒരു വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തിലക് വർമ ഒരു വെടിക്കെട്ട് സെഞ്ച്വറി തന്നെ സ്വന്തമാക്കുകയുണ്ടായി. തിലക് വർമയുടെ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 219 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്കായി ക്ലാസനും മാർക്കോ യാൻസനും പൊരുതുകയുണ്ടായി.

പക്ഷേ അവസാന ഓവറിലെ അർഷദീപ് സിംഗിന്റെ ബോളിംഗ് പ്രകടനത്തോടെ ഇന്ത്യ മത്സരത്തിൽ 11 റൺസിന്റെ വിജയം കൈവരിക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറയുകയുണ്ടായി.

ഇത്തരത്തിലുള്ള ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് സൂര്യകുമാർ മത്സരശേഷം പറഞ്ഞത്. “മത്സരത്തിലെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. ടീം മീറ്റിങ്ങിൽ ഇത്തരത്തിലുള്ള ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിക്കാൻ തന്നെയാണ് ഞങ്ങൾ ചർച്ച ചെയ്തിരുന്നത്. സഹതാരങ്ങളോടൊക്കെയും ആവശ്യപ്പെട്ടത് ഇത്തരത്തിൽ ആക്രമണപരമായി മുന്നോട്ട് പോവാനാണ്. ഐപിഎല്ലിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി ഇതേ രീതിയിലാണ് ഈ താരങ്ങൾ കളിച്ചത്. നെറ്റ്സിലും ഇവർക്ക് ഇത് തുടരാൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ കാര്യങ്ങൾ നടന്ന രീതിയിൽ വലിയ സന്തോഷം നൽകുന്നു.”- സൂര്യകുമാർ പറഞ്ഞു.

“ആക്രമണ രീതിയും മനോഭാവവുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. താരങ്ങളൊക്കെയും അത്തരത്തിൽ പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ എന്റെ ജോലി വളരെ അനായാസമായി മാറുന്നു. ഞങ്ങൾ നേരായ ദിശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് ഞാൻ കരുതുകയാണ്. രണ്ടാം മത്സരത്തിന് ശേഷം തിലക് വർമ എന്റെ മുറിയിലേക്ക് എത്തുകയും മൂന്നാം നമ്പറിൽ ഒരു അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവിടെ അവന് നന്നായി കളിക്കാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അവനെ ഇന്ന് മൂന്നാം നമ്പറിൽ മൈതാനത്തിറക്കിയതും അവന് ആവശ്യമായ സ്വാതന്ത്ര്യം നൽകിയതും.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

“മൂന്നാം നമ്പർ സ്ഥാനം അവൻ ചോദിച്ചു വാങ്ങിയതാണ്. അവിടെ മികവ് പുലർത്താനും അവന് കഴിഞ്ഞു. അവന്റെ പ്രകടനത്തിൽ വലിയ സന്തോഷമുണ്ട്.”- സൂര്യകുമാർ പറഞ്ഞു വയ്ക്കുകയുണ്ടായി. തന്റെ സെഞ്ച്വറിയുടെ പൂർണ്ണമായ ക്രെഡിറ്റ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് നൽകിയാണ് തിലക് വർമ സംസാരിച്ചത്. താൻ മൂന്നാം നമ്പർ സ്ഥാനം ആവശ്യപ്പെട്ടപ്പോൾ തന്നെ സൂര്യകുമാർ അതും നൽകുകയുണ്ടായി എന്ന് തിലക് വർമ പറഞ്ഞു. അത് തനിക്ക് ഒരുപാട് വലിയ ആത്മവിശ്വാസം നൽകിയെന്നും താരം കൂട്ടിച്ചേർത്തു. ഈ വിജയത്തോടെ പരമ്പരയിൽ 2-1 എന്ന നിലയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു

Previous articleടെസ്റ്റിൽ സേവാഗിനെപോലെ കളിക്കാൻ സഞ്ജുവിന് കഴിയും. ഓപ്പണറായി അവസരം നൽകണമെന്ന് കോച്ച്.
Next articleഓസീസ് പേസർമാർക്ക് മുമ്പിൽ ഇന്ത്യൻ മുൻനിര വിയർക്കും. മുന്നറിയിപ്പ് നൽകി മുൻ ഓസീസ് താരം.