വീണ്ടും തിലക് വർമയ്ക്ക് സെഞ്ച്വറി. ലോക റെക്കോർഡ്. 67 പന്തിൽ നേടിയത് 151 റൺസ്.

സെഞ്ച്വറി മഴപെയ്യിച്ച് റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം തിലക് വർമ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന 2 മത്സരങ്ങളിലും തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കി ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാൻ തിലക് വർമയ്ക്ക് സാധിച്ചിരുന്നു. പരമ്പരയ്ക്ക് ശേഷവും തിലക് വർമ തന്റെ സെഞ്ച്വറി വേട്ട അവസാനിപ്പിച്ചില്ല.

2024 സൈദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണ്ണമെന്റിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് ടീമിനായി തന്റെ അടുത്ത സെഞ്ച്വറി നേടിയിരിക്കുകയാണ് തിലക്. മേഘാലയ ടീമിനെതിരെ നടന്ന മത്സരത്തിലാണ് തിലക് വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ 3 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് തിലക് വർമ സ്വന്തമാക്കിയിട്ടുണ്ട്.

മാത്രമല്ല സൈദ് മുഷ്തഖ് അലി ട്രോഫിയിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും തിലക് വർമ മത്സരത്തിലെ പ്രകടനത്തിലൂടെ സ്വന്തമാക്കി. മത്സരത്തിൽ 67 പന്തുകളിൽ 151 റൺസാണ് ഈ താരം സ്വന്തമാക്കിയത്. മുൻപ് ഈ റെക്കോർഡ് ശ്രേയസ് അയ്യരുടെ പേരിലായിരുന്നു. 147 റൺസാണ് ശ്രെയസ് ഒരു മത്സരത്തിൽ നേടിയിരുന്നത്. ഇപ്പോൾ തിലക് വർമ ഇത് മറികടന്നിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുൽ സിംഗിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ശേഷമാണ് മൂന്നാം നമ്പറിൽ നായകനായ തിലക് വർമ ക്രീസിലെത്തിയത്.

മത്സരത്തിൽ 67 പന്തുകളിലാണ് 151 റൺസ് തിലക് വർമ സ്വന്തമാക്കിയത്. 14 ബൗണ്ടറികളും 10 സിക്സറുകളുമാണ് തിലക് വർമയുടെ ഈ റെക്കോർഡ് ബ്രേക്കിംഗ് ഇന്നിങ്സിൽ ഉൾപ്പെട്ടത്. രണ്ടാം വിക്കറ്റിൽ തന്മയ് അഗർവാളിനൊപ്പം ചേർന്ന് 122 റൺസിന്റെ കിടിലൻ കൂട്ടുകെട്ടാണ് തിലക് വർമ കെട്ടിപ്പടുത്തത്. ശേഷം മൂന്നാം വിക്കറ്റിൽ 84 റൺസും കൂട്ടിച്ചേർക്കാൻ തിലക് വർമയ്ക്ക് സാധിച്ചു. ആദ്യ ഓവറിൽ ക്രീസിലെത്തിയ തിലക് വർമ മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്തിലാലാണ് പുറത്തായത്. തിലക് വർമയുടെ ഈ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 248 റൺസ് സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പരയിലും തകർപ്പൻ പ്രകടനങ്ങളായിരുന്നു തിലക് വർമ കാഴ്ചവച്ചത്. നായകൻ സൂര്യകുമാറിനോട് ഇന്ത്യൻ ടീമിലെ മൂന്നാം നമ്പർ സ്ഥാനം തിലക് വർമ ചോദിച്ചു വാങ്ങുകയായിരുന്നു. ശേഷം അവസാന 2 മത്സരങ്ങളിലും സെഞ്ച്വറി നേടി ഒരു വിസ്മയം തീർക്കാൻ തിലകിന് സാധിച്ചു. പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 280 റൺസാണ് തിലക് വർമ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിലെ താരമായി തിലക് വർമ മാറുകയും ചെയ്തു. ഇപ്പോൾ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഈ സൂപ്പർ ബാറ്റർ.

Previous articleകേരളത്തിനായി സഞ്ജു ആട്ടം. 45 പന്തിൽ 75 റൺസ്. സർവീസസിനെ തകർത്ത് ആദ്യ വിജയം.
Next articleപെർത്തിൽ കിടിലൻ സെഞ്ച്വറി. റെക്കോർഡുകൾ തകർത്ത് ജയസ്വാൾ എലൈറ്റ് ക്ലബ്ബിൽ.