ശ്രേയസ് അയ്യർ വിക്കറ്റ് വലിച്ചെറിയുന്നു. കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് സുനിൽ ഗവാസ്കർ.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സൂപ്പർ വിജയം നേടാൻ സാധിച്ചെങ്കിലും, ഇന്ത്യയുടെ ഭാഗത്തുനിന്ന് വന്ന ചില പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരായ ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും പുറത്തായ രീതിയാണ് സുനിൽ ഗവാസ്കറെ ചൊടിപ്പിച്ചിരിക്കുന്നത്.

മത്സരത്തിൽ അയ്യരും ഗില്ലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു എന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. അനാവശ്യമായ ഷോട്ടുകൾക്ക് ശ്രമിച്ച് ഇത്തരത്തിൽ വിക്കറ്റുകൾ വലിച്ചെറിയുന്നത് ടീമിനെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന് സുനിൽ ഗവാസ്കർ കരുതുന്നു. ഏകദിനങ്ങളിൽ എതിർ ടീമുകൾക്ക് ഇത്തരത്തിൽ അനായാസം വിക്കറ്റുകൾ വിട്ടുകൊടുക്കരുത് എന്നും സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു.

ഇരു ബാറ്റർമാരും വിരാട് കോഹ്ലിയെ മാതൃകയാക്കണം എന്നാണ് സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുന്നത്. “മത്സരത്തിൽ ശ്രേയസ് അയ്യർക്ക് തന്റെ ക്ഷമ നശിക്കുകയുണ്ടായി. അയ്യർ 19 റൺസിൽ ബാറ്റ് ചെയ്യുമ്പോഴാണ് അയാളുടെ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഗിൽ മത്സരത്തിൽ ഒരു അർത്ഥസെഞ്ച്വറി നേടുകയുണ്ടായിരുന്നു. അതിനുശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു.

എന്നാൽ വിരാട് കോഹ്ലിയെ പോലെ ഒരു ബാറ്റർ അത്തരത്തിൽ ഒരിക്കലും കളിക്കില്ല. കോഹ്ലി അങ്ങനെ വിക്കറ്റ് വലിച്ചെറിയുന്ന ഒരു താരമല്ല. അയാൾ അയാളുടെ വിക്കറ്റ് വളരെ വിലപ്പെട്ടതായി കാത്തുസൂക്ഷിക്കുന്നു. അതുതന്നെയാണ് ഓരോ ബാറ്റർമാരും ചെയ്യേണ്ടതും.”- ഗവാസ്കർ പറയുന്നു.

“മത്സരത്തിൽ 70-80 റൺസെടുക്കുന്ന സമയത്താണ് തനിക്ക് സെഞ്ച്വറി നേടാൻ അവസരമുണ്ടെന്ന് കോഹ്ലി മനസ്സിലാക്കിയത്. അതിനനുസരിച്ചാണ് കോഹ്ലി മുന്നോട്ടു നീങ്ങിയത്. തന്റെ സെഞ്ച്വറിയ്ക്കായി കോഹ്ലി കളിച്ചെങ്കിൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. സെഞ്ച്വറികൾ എല്ലാദിവസവും ഉണ്ടാകുന്നതല്ല.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ അടക്കമുള്ളവർ വിരാട് കോഹ്ലിയെ കണ്ടുപഠിക്കണമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ഒരു ഇന്നിംഗ്സ് എങ്ങനെ മികച്ച രീതിയിലാക്കി മാറ്റാം എന്നത് ശ്രേയസ് മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.

“ഒരു ബാറ്റർ എങ്ങനെ സെഞ്ചുറികൾ കണ്ടെത്താം എന്നത് മനസ്സിലാക്കണം. ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും ഇക്കാര്യം വളരെ പ്രാധാന്യത്തോടെ എടുക്കേണ്ടതുണ്ട്. ഗില്‍ ചില മത്സരങ്ങളിൽ സെഞ്ചുറികൾ നേടിയിരുന്നു. എന്നാൽ ശ്രേയസ് അയ്യർക്ക് ഇത്തരത്തിൽ സെഞ്ച്വറികൾ നേടാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും നാലാം നമ്പറിൽ കളിക്കാനുള്ള അവസരം അയ്യർക്ക് ലഭിച്ചു. ഇന്ത്യയിലെ മികച്ച ബാറ്റിംഗ് പിച്ചുകളിൽ ഇത്തരമൊരു അവസരം ലഭിച്ചത് ചെറിയ കാര്യമല്ല. പക്ഷേ ഇപ്പോൾ അവസരങ്ങൾ അനാവശ്യമായി വലിച്ചെറിയുകയാണ് ശ്രേയസ് ചെയ്യുന്നത്.”- ഗവാസ്കർ പറഞ്ഞു വെക്കുന്നു.

Previous articleക്രിസ് ഗെയ്‌ലിന്റെ സൂപ്പർ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ധോണിയേയും പിന്നിലാക്കി കുതിപ്പ്.
Next articleഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ ആ ടീമായിരിക്കും. ഇന്ത്യ വിയർക്കും. ആകാശ് ചോപ്രയുടെ പ്രവചനം.