ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിനെ നായകനായി രോഹിത് ശർമ്മ നിയമിതനായത് അനേകം വിവാദങ്ങൾക്ക് ശേഷമാണ്. ടി :20 വേൾഡ് കപ്പിന് ശേഷം വിരാട് കോഹ്ലി ടി :20 ഫോർമാറ്റിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഏകദിന നായകന്റെ റോളിൽ നിന്നും കോഹ്ലിയെ മാറ്റിയാണ് രോഹിത്തിനെ സെലക്ഷൻ കമ്മിറ്റി 2023ലെ ഏകദിന ലോകകപ്പ് വരെ നായകനാക്കി മാറ്റിയത്. എന്നാൽ കാര്യങ്ങൾ അത്രത്തോളം എളുപ്പമല്ല രോഹിത് ശർമ്മക്കെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ അജിത് അഗാർക്കർ. രോഹിത്തിന് കാര്യങ്ങൾ അനുകൂലമല്ലെന്ന് പറഞ്ഞ മുൻ താരം വെല്ലുവിളികൾ എന്തൊക്കെയെന്നും വിശദമാക്കി.
” രോഹിത് ശർമ്മ ഏകദിന ടീമിനെയും നയിക്കാൻ എത്തുമ്പോൾ അത് നമുക്ക് എല്ലാം പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷേ രോഹിത്തിന് മുൻപിൽ അനേകം വെല്ലുവിളികളാണുള്ളത്.രോഹിത്തിന്റെ ഫിറ്റ്നസ് കാര്യത്തിലാണ് പ്രശ്നങ്ങൾ. അടുത്തിടെയാണ് അദ്ദേഹം പൂർണ്ണ ഫിറ്റ്നസ് വീണ്ടും നേടിയത്. ഇനിയുള്ള കാലം അന്താരാഷ്ട്ര കരിയറിൽ ഫിറ്റ്നസ് നിലനിർത്തുക അത്ര എളുപ്പമല്ല. താരം ഈ കാര്യത്തിൽ പിന്തുടരേണ്ടത് മുൻ നായകൻമാരായ കോഹ്ലിയെയും മഹേന്ദ്ര സിംഗ് ധോണിയേയുമാണ്.” അജിത് അഗാർക്കർ പറഞ്ഞു.
“നമുക്ക് അറിയാം മുൻ ക്യാപ്റ്റൻമാരായ ധോണിക്കും കോഹ്ലിക്കും പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ നഷ്ടമായ സാഹചര്യമുള്ളൂ.ഇക്കാര്യത്തിൽ രോഹിത് ശർമ്മ അവരുടെ പാത തന്നെയാണ് ഫോളോ ചെയ്യേണ്ടത്.എനിക്ക് ഉറച്ച വിശ്വാസമുണ്ട് രോഹിത് അടുത്ത രണ്ട് ലോകകപ്പിലും പൂർണ്ണ ഫിറ്റാണ് എങ്കിൽ വളരെ മികച്ച ടീമിനെ ഒരു ഒരുക്കാനായി അദ്ദേഹത്തിന് സാധിക്കും. എല്ലാവരും അവരവരുടെ റോൾ നിർവഹിച്ചാൽ ലോകകപ്പ് നമുക്ക് നേടാൻ സാധിക്കും ” മുൻ പേസർ നിരീക്ഷിച്ചു.ഫെബ്രുവരി 6മുതലാണ് വെസ്റ്റ് ഇൻഡീസ് എതിരായ ടി :20, ഏകദിന പരമ്പരകൾക്ക് തുടക്കം കുറിക്കുന്നത്.