2025 ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടിയേറിയിരിക്കുകയാണ്. ഇത്തവണയും ശക്തരായ 10 ടീമുകളാണ് പോരാട്ടത്തിൽ പങ്കെടുക്കുന്നത്. 2025 ഐപിഎല്ലിലെ വിജയികളെ പ്രവചിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക്.
ഐപിഎല്ലിന്റെ 18ആം സീസണിൽ ഹൈദരാബാദ് സൺറൈസേഴ്സ് കിരീടം ചൂടുമെന്നാണ് മൈക്കിൾ ക്ലാർക്ക് പറയുന്നത്. മാത്രമല്ല ടൂർണമെന്റിലെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെയും ക്ലാർക്ക് തിരഞ്ഞെടുക്കുകയുണ്ടായി. ഹൈദരാബാദ് ഇത്തവണ വിജയം സ്വന്തമാക്കുമ്പോൾ അവരുടെ ബോളിംഗാവും നിർണായക പങ്കുവഹിക്കുക എന്നാണ് ക്ലാർക്കിന്റെ വാദം.
ടീമിന്റെ ഡെത്ത് ബോളിംഗിൽ പാറ്റ് കമ്മിൻസ് ഒരു പ്രധാന ഘടകമായി മാറും എന്നാണ് ക്ലാർക്ക് കരുതുന്നത്. “ഇത്തവണത്തെ ഐപിഎല്ലിൽ ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്നത് പാറ്റ് കമ്മിൻസിനെയാവും. വിജയം സ്വന്തമാക്കുന്ന ടീമായി ഞാൻ കാണുന്നത് സൺറൈസേഴ്സ് ഹൈദരാബാദ് ആണ്. കാരണം മികച്ച ബോളിംഗ് നിര തന്നെയാണ് സൺറൈസേഴ്സിന് ഇത്തവണയുള്ളത്. അവരുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഈ ബോളർമാർ ആയിരിക്കും.എന്നിരുന്നാലും ഹൈദരാബാദിന്റെ ബാറ്റിംഗ് യൂണിറ്റും വളരെ ശക്തമാണ്.”- ക്ലാർക്ക് പറഞ്ഞു.
“ഒരു നായകനെന്ന നിലയിൽ പാറ്റ് കമ്മിൻസിന് കഴിഞ്ഞ സീസണുകളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ട്. അത് അവരുടെ ബോളിംഗ് നിരയിലാണ്. ഇത്തവണത്തെ സീസണിൽ പരിക്ക് മൂലം അവരുടെ പേസർമാരെ നഷ്ടമാവുന്നത് അവർക്ക് താങ്ങാൻ ആവില്ല മാത്രമല്ല ഇത്തവണ ഐപിഎല്ലിൽ ഡെത്ത് ബോളിങ് പ്രധാന ഘടകമായിരിക്കും എന്നും ഞാൻ വിശ്വസിക്കുന്നു. ഹൈദരാബാദിനെ സംബന്ധിച്ച് ഡെത്ത് ബോളിംഗിൽ കമ്മീൻസാണ് പ്രധാനി.”- ക്ലാർക്ക് കൂട്ടിച്ചേർക്കുകയുണ്ടായി.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും വളരെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഹൈദരാബാദ് കാഴ്ചവച്ചത്. ഫൈനൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇത്തവണയും വളരെ ശക്തമായ ടീമിനെ തന്നെയാണ് ഹൈദരാബാദ് അണിനിരത്തുന്നത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയുമാണ് ഹൈദരാബാദിന്റെ ശക്തി. ശേഷം ക്ലാസനും നിതീഷ് കുമാർ റെഡിയും അടക്കമുള്ള വമ്പൻ താരങ്ങൾ ടീമിൽ അണിനിരക്കുന്നുണ്ട്. മുഹമ്മദ് ഷമിയും ഹർഷൽ പട്ടേലും പാറ്റ് കമ്മീൻസും ഹൈദരാബാദിന്റെ ബോളിങ്ങിലെ ശക്തി ആകുന്നു.