2023 ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ ലോകകപ്പിൽ ഇതുവരെ തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഇന്ത്യയും ന്യൂസിലാൻഡും കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുമെന്നാണ് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ഇരു ടീമുകളുടെയും ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് ചോപ്രയുടെ ഈ അഭിപ്രായം.
അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിൽ അല്പം പതറിയെങ്കിലും ന്യൂസിലാൻഡ് എന്തുകൊണ്ടും വലിയ ടീമാണ് എന്ന് ചോപ്ര പറയുന്നു. അതിനാൽ തന്നെ ഇന്ത്യയുടെ ഫൈനലിലെ എതിരാളികളായി ന്യൂസിലാൻഡെത്താൻ സാധ്യത ഒരുപാടാണ് എന്നാണ് ചോപ്രയുടെ അഭിപ്രായം.
ന്യൂസിലാൻഡിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തെപ്പറ്റി സംസാരിച്ചു കൊണ്ടായിരുന്നു ആകാശ് ചൊപ്ര തന്റെ പ്രവചനം നടത്തിയത്. “ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടും. ന്യൂസിലാൻഡ് ഇത്തവണയും അവിശ്വസനീയ ടീം തന്നെയാണ്. ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയം നേടാൻ ന്യൂസിലാൻഡിന് സാധിച്ചു.
മാത്രമല്ല സെമി ഫൈനലിലെ സ്ഥാനം ന്യൂസിലാൻഡ് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കെയ്ൻ വില്യംസൺ ടീമിലുണ്ടോ ഇല്ലയോ എന്നതിന് ഇപ്പോൾ പ്രസക്തിയില്ല. കാരണം അത് ന്യൂസിലാൻഡ് നിരയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നില്ല. അവർ എപ്പോഴും മത്സരങ്ങൾ വിജയിക്കാൻ ഒരു വഴി കണ്ടെത്തി കൊണ്ടിരിക്കുന്നു.”- ചോപ്ര പറയുന്നു.
“കെയ്ൻ വില്യംസൺ ഇല്ലാതിരുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാൻഡിന്റെ മധ്യനിര തകരുകയുണ്ടായി. മത്സരത്തിൽ അഫ്ഗാൻ ബോളർ ഒമർസായി ഒരു ഓവറിൽ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ ശേഷം മധ്യനിരയിൽ ടോം ലാതവും ഗ്ലെന്‍ ഫിലിപ്സും ചേർന്ന് മികവ് പുലർത്തുകയായിരുന്നു. വിൽ യങ്, രവീന്ദ്ര, കോൺവെ എന്നിവർ ന്യൂസിലാൻഡിനായി റൺസ് നേടുന്നുണ്ട്. 280ലധികം റൺസ് ഒരു ടീം സ്വന്തമാക്കിയാൽ അത് മറികടക്കുക എന്നത് അല്പം പ്രയാസകരമാണ്.”- ചോപ്ര കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിന്റെ ബോളിങ് നിരയെപ്പറ്റിയും ചോപ്ര വിശകലനം ചെയ്യുകയുണ്ടായി. “ന്യൂസിലാൻഡിനായി ബോളിംഗിൽ ഏറ്റവും മികവു പുലർത്തുന്നത് ട്രെൻഡ് ബോൾട്ടാണ്. ന്യൂബോളിൽ വളരെ മികച്ച രീതിയിൽ പന്തറിയാൻ ബോൾട്ടിന് സാധിക്കുന്നുണ്ട്. മാറ്റ് ഹെൻറിയും തന്റെ കഴിവുകൾ നന്നായി ഉപയോഗിക്കുന്നു. ഫെർഗ്യുസൺ എതിർ ടീമുകൾക്ക് ഭീഷണി ഉണ്ടാക്കുന്നു. ബാറ്റർമാർക്ക് വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെർഗ്യുസന്റെ ഓരോ ബോളുകളും.”- ചോപ്ര പറഞ്ഞു വെക്കുന്നു.