കോഹ്ലി – ബിസിസിഐ വിവാദം. അഭിപ്രായവുമായി സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോഹ്ലിക്ക്‌ പകരകാരനായി രോഹിത് ശർമ്മ എത്തിയത്. ടി :20 ലോകകപ്പിന് പിന്നാലെ ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിൽ പോലും 2023ലെ ഏകദിന ലോകകപ്പ് വരെ ഏകദിന നായകനായി തുടരുവാനാണ് വിരാട് കോഹ്ലി കൂടി ആഗ്രഹിച്ചിരുന്നത്. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരൊറ്റ ക്യാപ്റ്റൻ എന്നുള്ള തീരുമാനം കോഹ്ലിക്ക്‌ കനത്ത തിരിച്ചടിയായി മാറി.

അതേസമയം തന്റെ അഭിപ്രായം പോലും കേൾക്കാതെ പൂർണ്ണ അവഗണനയാണ് ബിസിസിഐയുടെ ഭാഗത്ത് നിന്നും സംഭവിച്ചതെന്ന് വിരാട് കോഹ്ലി ഇതിനകം കടുത്ത അമർഷം കൂടി പ്രകടിപ്പിക്കുമ്പോൾ ഇക്കാര്യത്തിൽ ബിസിസിഐ ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ ബിസിസിഐയുടെ ഭാഗത്ത് നിന്നും പിഴവുകൾ സംഭവിച്ചു എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായമായി പറയുന്നത്.

ഇക്കാര്യത്തിൽ തന്റെ നിലപാടുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സഞ്ജയ്‌ മഞ്ജരേക്കർ. ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ നടക്കേണ്ട പ്രശ്നം മാത്രമാണ് ഇതെന്നും പറഞ്ഞ അദ്ദേഹം ഈ ഒരു വിഷയത്തിൽ ബിസിസിഐ സ്വീകരിച്ച രീതി അത്ര മികച്ചതല്ലെന്ന് വിമർശിച്ചു. “ഒരിക്കലും മൂന്ന് ഫോർമാറ്റിലും മൂന്ന് ക്യാപ്റ്റൻ എന്നുള്ള നിലപാട് നമുക്ക് സ്വീകരിക്കാൻ കഴിയില്ല.എന്നാൽ ഇന്ത്യൻ ടീമിലും അത്തരം ഒരു സാഹചര്യമാണെങ്കിൽ അത്‌ നടപ്പിലാക്കണം. ഇപ്പോഴത്തെ ഈ പ്രശ്നങ്ങളിൽ ആരാണോ പ്രധാനമായി അഭിപ്രായങ്ങൾ പറയേണ്ടത് അവരാണ് മിണ്ടാതിരിക്കുന്നത്.”മഞ്ജരേക്കർ നിരീക്ഷിച്ചു.

“ഇക്കാര്യങ്ങളിൽ എന്ത് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ചെയർമാൻ കൂടുതൽ പ്രസ്താവനകൾ നടത്തുന്നത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല.ഈ കാര്യങ്ങളിൽ എല്ലാം അഭിപ്രായങ്ങൾ പറയേണ്ടത് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാണ്. ഈ ആരോപണങ്ങൾ എല്ലാം നടക്കേണ്ടത് സെലക്ഷൻ കമ്മിറ്റി ചെയർമാനും വിരാട് കോഹ്ലിയും തമ്മിൽ മാത്രമാണ്. ഇപ്പോൾ ഉയർന്ന എല്ലാവിധ പ്രശ്നങ്ങളിലും ബിസിസിഐയുടെ ഭാഗത്ത് നിന്നും സംഭവിക്കേണ്ടിയിരുന്നത് കൂടുതൽ മെച്ചപ്പെട്ട രീതിയായിരുന്നു “മുൻ ഇന്ത്യൻ താരം വിമർശനം കടുപ്പിച്ചു