ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിജയ നായകൻമാരിൽ ഒരാളാണ് രോഹിത് ശർമ. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ശേഷം ട്വന്റി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കിയ ഏകനായകനും രോഹിത് മാത്രമാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ രോഹിത് ഇന്ത്യയെ എത്തിച്ചിരുന്നു.
എന്നാൽ നിലവിൽ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രോഹിത് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല മറ്റു ഫോർമാറ്റുകളിൽ രോഹിത് വരും നാളുകളിൽ വിരമിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ ഇന്ത്യയുടെ നിശ്ചിത ഓവർ ഉപനായകനായ ശുഭമാൻ ഗിൽ നായകനായി എത്തുമെന്ന അഭ്യൂഹങ്ങളും ഉയരുന്നു. എന്നാൽ രോഹിതിനുശേഷം ഗിൽ അല്ല നായകനാവേണ്ടത് എന്നാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പറയുന്നത്.
ഒരു പ്രമുഖ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് കപിൽ ഈ അഭിപ്രായം അറിയിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് നായകനാക്കാൻ സാധിക്കുന്ന താരം ഹർദിക് പാണ്ഡ്യയാണ് എന്ന് കപിൽ ദേവ് പറഞ്ഞു. 31കാരനായ പാണ്ഡ്യയ്ക്ക് മികച്ച ഒരു ടീം അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും അടുത്ത ഐസിസി ഇവന്റുകളിൽ ഇന്ത്യയെ വിജയകരമായി നയിക്കാനും സാധിക്കും എന്നാണ് കപിൽ ദേവിന്റെ അഭിപ്രായം.
“എന്നെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അടുത്ത നിശ്ചിത ഓവർ ക്യാപ്റ്റനായി മാറേണ്ടത്. ക്യാപ്റ്റൻ എന്ന തസ്തികയിലേക്ക് ഇപ്പോൾ ഒരുപാട് പേർ മുൻപിലേക്ക് വന്നിട്ടുണ്ട്. എന്നിരുന്നാലും പാണ്ഡ്യയാണ് എന്റെ ചോയ്സ്. കാരണം അവനൊരു യുവതാരമാണ്. അടുത്ത ഐസിസി ഇവന്റ്കളിൽ അവന് ചുറ്റും നമുക്കൊരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.”- കപിൽ ദേവ് പറഞ്ഞു.
വരും നാളുകളിൽ ഹർദിക് പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാൻ തയ്യാറാവണം എന്നാണ് കപിൽ ദേവ് കൂട്ടിച്ചേർത്തത്. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ ഹർദിക് കളിക്കുന്നില്ല. എന്നാൽ ഇന്ത്യയ്ക്ക് വരും നാളുകളിൽ 3 ഫോർമാറ്റുകളിലും നായകന്മാരെ ആവശ്യമാണ് എന്ന് കപിൽ ദേവ് കരുതുന്നു. “സത്യസന്ധമായി പറഞ്ഞാൽ ഹർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിലും കളിക്കണം എന്നതാണ് എന്റെ അഭിപ്രായം. ഇപ്പോൾ അവൻ ടെസ്റ്റ് ഫോർമാറ്റിൽ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും വ്യത്യസ്തരായ ക്യാപ്റ്റൻമാരെ കണ്ടെത്തേണ്ടിവരും.”- കപിൽ കൂട്ടിച്ചേർത്തു.
2022 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റിലെ നായകനായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ അതിന് ശേഷം ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തുകയും ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. ശേഷം സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി20 നായകനായി നിശ്ചയിക്കുകയായിരുന്നു. നിലവിൽ സൂര്യ തന്നെയാണ് ഇന്ത്യയുടെ നായകൻ. എന്നിരുന്നാലും ഹർദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ പ്രകടനങ്ങളും വളരെ മികച്ചതാണ്.