2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. ഫെബ്രുവരി 23ന് ദുബായിലാണ് ഈ ബ്ലോക്ക് ബസ്റ്റർ പോരാട്ടം നടക്കുന്നത്. സാധാരണയായി ഐസിസി ഇവന്റുകളിൽ പാക്കിസ്ഥാനെതിരെ കൃത്യമായ ആധിപത്യം സ്ഥാപിക്കാറുള്ള ടീമാണ് ഇന്ത്യ.
എന്നാൽ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പാക്കിസ്ഥാൻ വിജയം നേടിയിരുന്നു. എന്നാൽ ഇത്തവണത്തെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യ തന്നെ വിജയം സ്വന്തമാക്കും എന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന പറഞ്ഞിരിക്കുന്നത്. മത്സരത്തിൽ വിജയിക്കാൻ ഇരു ടീമുകൾക്കും സാധ്യതയുണ്ടെന്നും, എന്നാൽ വിരാട് കോഹ്ലിയ്ക്ക് ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിക്കാൻ സാധിക്കുമെന്നും റെയ്ന കരുതുന്നു.
സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല വിരാട് കോഹ്ലി കാഴ്ചവെച്ചത്. പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളിൽ കോഹ്ലിയുടെ കാലിടറുന്നതാണ് കാണുന്നത്. എന്നാൽ ഈ സമയത്തും കോഹ്ലിയിലുള്ള തന്റെ ആത്മവിശ്വാസം തുറന്നുകാട്ടിയാണ് റെയ്ന സംസാരിച്ചത്. “മത്സരത്തിൽ ഇരു ടീമുകൾക്കും 50% സാധ്യതയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ വിരാട് കോഹ്ലി മുൻപിലേക്ക് വരികയും ഇന്ത്യക്കായി വിജയം സ്വന്തമാക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവിശ്വസനീയമായ പ്രകടനമായിരിക്കും മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച വയ്ക്കുന്നത്.”- റെയ്ന പറയുന്നു.
കോഹ്ലിക്കൊപ്പം രോഹിത് ശർമയും 2025 ചാമ്പ്യൻസ് ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുമെന്ന് റെയ്ന കരുതുന്നു. 2019 ലോകകപ്പിലേത് പോലെ ബാറ്റിംഗിൽ പൂർണമായും തിളങ്ങുന്ന രോഹിത് ശർമയെ ഈ വർഷം നമുക്ക് കാണാൻ സാധിക്കുമെന്നാണ് റെയ്ന കരുതുന്നത്. “2011ലെ ലോകകപ്പിനുള്ള ടീമിലേക്ക് രോഹിത് ശർമയെ തിരഞ്ഞെടുത്തിരുന്നില്ല. അതവന് വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ശേഷം 2013 ചാമ്പ്യൻസ് ട്രോഫിയിൽ തകർപ്പൻ പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
“നിലവിൽ 2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത് ദുബായിലാണ്. അവസാന ചാമ്പ്യൻസ് ട്രോഫിയിൽ നമ്മൾ വിജയിച്ചത് ഇംഗ്ലണ്ടിലായിരുന്നു. ഈ 2 സ്ഥലങ്ങളിലും സാഹചര്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്നിരുന്നാലും രോഹിത് ശർമയ്ക്ക് കൃത്യമായി ഈ സാഹചര്യങ്ങൾ എങ്ങനെ മുതലെടുക്കാം എന്ന ബോധ്യമുണ്ട്. മത്സരങ്ങളിൽ രോഹിത് ശർമ 20- 25 ഓവറുകളെങ്കിലും ക്രീസിൽ തുടരുകയാണെങ്കിൽ 2019 ലോകകപ്പിലെ ഹീറോയിസം അവന് ആവർത്തിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- റെയ്ന പറഞ്ഞുവയ്ക്കുന്നു



