ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അനവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചാണ് വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി റോളിൽ നിന്നും പടിയിറങ്ങിയത്. കോഹ്ലിക്ക് പിന്നാലെ രോഹിത് ശർമ മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റനായി നിയമിതനായി എങ്കിലും ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻമാരായി യുവ താരങ്ങൾ എത്താനുള്ള സാധ്യതകൾ വളരെ വലുതാണ്.റിഷാബ് പന്ത്, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ബുംറ എന്നിവർ ഭാവി ഇന്ത്യൻ ക്യാപ്റ്റൻമാർ എന്നുള്ള വിശേഷണം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ കോച്ചുമായിരുന്ന രവി ശാസ്ത്രി. ഐപിഎല്ലിൽ ഇത്തവണത്തെ സീസണിൽ നായകന്മാരായി എത്തുന്ന ചില താരങ്ങളുടെ പ്രകടനം ഭാവി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ നിർണ്ണയിക്കുന്ന കാര്യത്തിൽ പ്രധാനമായി മാറുമെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം. മൂന്ന് ഇന്ത്യൻ താരങ്ങളെ കുറിച്ചാണ് ശാസ്ത്രിയുടെ അഭിപ്രായം.
ഭാവിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻമാരായി എത്തുമെന്ന് എല്ലാവരും വിശ്വസിക്കുന്ന ലോകേഷ് രാഹുൽ, റിഷാബ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇത്തവണ ഐപിഎല്ലിൽ ക്യാപ്റ്റൻമാരുമാണ്. റിഷാബ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീമിനെ നയിക്കുമ്പോൾ ശ്രേയസ് അയ്യർ കൊൽക്കത്തയെയും ലോകേഷ് രാഹുൽ ലക്നൗ ടീമിനെയും നയിക്കും. ഇവർ മൂവരും എപ്രകാരമാകും ഈ സീസണിൽ ടീമിനെ നയിക്കുക അതാകും വളരെ പ്രധാനമായി മാറുകയെന്ന് പറഞ്ഞ രവി ശാസ്ത്രി ഈ സീസൺ ഐപിൽ ഇവർക്ക് ഒരു മോഡൽ പരീക്ഷയാണെന്നും ചൂണ്ടികാട്ടി.
“വിരാട് കോഹ്ലി നിലവിൽ ക്യാപ്റ്റൻ റോളിൽ ഇല്ല. അദേഹത്തിന്റെ ക്യാപ്റ്റൻസിയിലേക്ക് ഉള്ള തിരിച്ചുവരവ് അടഞ്ഞ അധ്യായമാണ്. രോഹിത് ശർമ്മ മനോഹരമായിട്ടാണ് ടീമിനെ നയിക്കുന്നത്. എങ്കിലും രോഹിത് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റൻമാരാകുവാൻ ഇവർ മൂവർക്കും ചിലത് തെളിയിക്കണം.വളരെ കരുത്തുറ്റ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഈ സീസൺ ഐപിൽ ഇവർക്ക് എല്ലാം ഒരു മികച്ച അവസരമാണ് “രവി ശാസ്ത്രി പറഞ്ഞു.