2025 ഇന്ത്യൻ പ്രീമിയർ ലീഗ് പല താരങ്ങളെയും സംബന്ധിച്ച് വളരെ നിർണായകമാണ്. 2026 ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കെ ഈ സീസണിലെ പ്രകടനം യുവതാരങ്ങൾക്കൊക്കെയും പ്രധാനപ്പെട്ടതായി മാറിയിട്ടുണ്ട്.
പ്രധാനമായും 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഉറ്റു നോക്കുന്നത് ഓപ്പണിങ് പൊസിഷൻ തന്നെയാണ്. നിലവിൽ മലയാളി താരം സഞ്ജു സാംസനും അഭിഷേക് ശർമയുമാണ് ഇന്ത്യയുടെ ട്വന്റി20 ഓപ്പണർമാർ. എന്നാൽ ഈ സ്ഥാനത്തേക്ക് കുറച്ചധികം താരങ്ങൾ മത്സരിക്കുന്നുണ്ട് എന്നതാണ് വസ്തുത. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാവാൻ മത്സരിക്കുന്ന താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം.
- അഭിഷേക് ശർമ
നിലവിലെ ഇന്ത്യയുടെ ട്വന്റി20 ഓപ്പണറാണ് അഭിഷേക് ശർമ. മികച്ച പ്രകടനങ്ങൾ ടീമിനായി കാഴ്ചവയ്ക്കാനും അഭിഷേകിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും സ്ഥിരതയില്ലാത്ത പ്രകടനം അഭിഷേകിനെ പലപ്പോഴും വലച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎൽ അഭിഷേകിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. 2024 ഐപിഎല്ലിൽ 204 സ്ട്രൈക്ക് റേറ്റിൽ 484 റൺസ് സ്വന്തമാക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിരുന്നു.
- സഞ്ജു സാംസൺ
നിലവിലെ ഇന്ത്യയുടെ ട്വന്റി20 ഓപ്പണറായ സഞ്ജു സാംസൺ കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്. 3 സെഞ്ച്വറികൾ തുടർച്ചയായി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. 2024ൽ 436 റൺസാണ് ട്വന്റി20കളിൽ സഞ്ജു സ്വന്തമാക്കിയത്. എന്നിരുന്നാലും സഞ്ജുവിന് ഇതുവരെയും സ്ഥിരത കൈവരിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഐപിഎൽ സഞ്ജുവിനെ സംബന്ധിച്ച് നിർണായകമാണ്.
- യശസ്വി ജയസ്വാൾ
അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായി എത്താൻ സാധ്യതയുള്ള ഒരു താരമാണ് ജയസ്വാൾ. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ആയിരുന്നു ജയസ്വാൾ ശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷേ 2024 ഐപിഎല്ലിൽ അത് ആവർത്തിക്കാൻ ജയസ്വാളിന് സാധിച്ചില്ല. 2023ല്‍ 625 റൺസ് ആണ് ജയസ്വാൾ തന്റെ ടീമിനായി സ്വന്തമാക്കിയത്. ഈ സീസൺ താരത്തെ സംബന്ധിച്ച് നിർണായകമാണ്.
- ശുഭമാൻ ഗിൽ
നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ സാന്നിധ്യമല്ല ഗിൽ. പക്ഷേ കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20കളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ്. 2024 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്നത് ഗില്ലിന് ഇന്ത്യൻ ടീമിൽ തിരിച്ചടിയായിരുന്നു. പക്ഷേ 2025 ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ഗില്ലിന് 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായി മൈതാനത്തെത്താൻ സാധിക്കും.
ഇവരെ കൂടാതെ ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാഡ് എന്നീ താരങ്ങളും ഇന്ത്യയുടെ ട്വന്റി20 ഓപ്പണർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഈ താരങ്ങൾക്കൊക്കെയും ഇത്തവണത്തെ ഐപിഎൽ വളരെ നിർണായകമാണ്.