ലക്നൗവിനെതിരായ തങ്ങളുടെ സീസണിലെ രണ്ടാം മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. മുൻനിര ബാറ്റർമാരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 217 റൺസ് സ്കോർബോർഡിൽ ചേർക്കാൻ ചെന്നൈക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ലക്നൗ അവിസ്മരണീയമായി തുടങ്ങിയെങ്കിലും ചെന്നൈ ബോളിങ്ങിന് മുൻപിൽ പരാജയപ്പെട്ടു വീഴുകയായിരുന്നു. എന്നിരുന്നാലും ചെന്നൈ ബോളർമാരുടെ മോശം പ്രകടനം മത്സരത്തിലുടനീളം കാണാൻ സാധിച്ചിരുന്നു. തുഷാർ ദേശ്പാണ്ഡെയും ദീപക് ചാഹറും ഹംഗർഗേക്കറും മത്സരത്തിൽ നന്നായി തല്ലു വാങ്ങി. 11 ഓവറുകളിൽ നിന്ന് 142 റൺസാണ് ചെന്നൈയുടെ ഫാസ്റ്റ് ബോളർമാർ ലക്നൗവിനെതിരെ വഴങ്ങിയത്. ഇതിനിടെ ഒരുപാട് നോബോളുകളും വൈഡുകളും ചെന്നൈ ബോളർമാർ എറിയുകയുണ്ടായി. ഇതിനെതിരെ മത്സരശേഷം ധോണി സംസാരിച്ചിരുന്നു.
“ഫാസ്റ്റ് ബോളിങ്ങിലാണ് ഞങ്ങൾക്ക് കുറച്ചധികം പുരോഗമനങ്ങൾ ആവശ്യമായുള്ളത്. സാഹചര്യങ്ങൾക്കനുസരിച്ച് ബോൾ ചെയ്യാൻ പേസ് ബൗളർമാർ തയ്യാറാവണം. ഫ്ലാറ്റ് പിച്ചാണെങ്കിൽ പോലും ഫീൽഡർമാർക്ക് മുകളിലൂടെ ഷോട്ട് തൊടുക്കാൻ പാകത്തിന് ബാറ്റർമാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. എതിർ ടീമിലെ ബോളർമാർ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി കൃത്യമായ ഒരു ധാരണ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങൾക്ക് എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച് വ്യക്തത നൽകും. എന്റെ വേഗതയിൽ ഈ സാഹചര്യത്തിൽ എന്താണ് പ്ലാൻ ചെയ്യേണ്ടത് എന്നതിനെ പറ്റി ബോധ്യം വേണം.”- ധോണി പറയുന്നു.
“മാത്രമല്ല എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. ചെന്നൈ ബോളർമാർ ഒരുപാട് നോ ബോളുകളും വൈഡുകളും എറിയാൻ പാടില്ല. അവർ ഇപ്പോൾ ഒരുപാട് എക്സ്ട്രാ ബോളുകൾ എറിയുന്നു. ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ അവർക്ക് പുതിയൊരു ക്യാപ്റ്റന് കീഴിൽ കളിക്കേണ്ടി വരും. ഇതെന്റെ രണ്ടാമത്തെ മുന്നറിയിപ്പാണ്. അല്ലാത്തപക്ഷം ഞാൻ ക്യാപ്റ്റൻസിയിൽ നിന്ന് മാറും.”- എം എസ് ധോണി കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിലും വളരെ മോശം ബോളിംഗ് പ്രകടനം തന്നെയായിരുന്നു ചെന്നൈയുടെ ബോളർമാർ കാഴ്ചവച്ചത്. രണ്ടാം മത്സരത്തിലും ഇത് ആവർത്തിക്കുമ്പോൾ ചെന്നൈക്ക് തലവേദനകൾ ഏറുകയാണ്. എന്നിരുന്നാലും ശ്രീലങ്കൻ പേസർ മഹേഷ് പതിരാന ടീമിലേക്ക് തിരിച്ചെത്തുന്നത് ചെന്നൈക്ക് ആശ്വാസമാകും. അങ്ങനെയെങ്കിൽ ചില മത്സരങ്ങളിൽ മിച്ചൽ സാന്റ്നർക്ക് പകരം ചെന്നൈയ്ക്ക് പതിരാനേയും മഹീഷ് തീക്ഷണയെയും പരിഗണിക്കേണ്ടി വന്നേക്കും