ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന 3 ട്വന്റി20കളിൽ യശസ്വി ജയസ്വാളും ശുഭമാൻ ഗില്ലുമായിരുന്നു ഓപ്പണർമാരായി മൈതാനത്ത് എത്തിയിരുന്നത്. ഇരുവരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പര്യടനത്തിലും ഇരുവരും ഓപ്പണർമാരായി തന്നെ എത്തണമെന്ന നിർദ്ദേശം മുന്നിലേക്ക് വച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം.
ശ്രീലങ്കക്കെതിരെ 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 27നാണ് പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിൽ ഗില്ലിനെയും ജയസ്വാളിനെയും ഓപ്പണർമാരായി ഇന്ത്യ പരീക്ഷിക്കണം എന്നാണ് കരീം പറയുന്നത്.
ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണിങ് സ്ലോട്ടാണ് എന്ന് കരീം പറയുകയുണ്ടായി. അതിനാൽ തന്നെ ഗില്ലും ജയസ്വാളും തങ്ങളുടെ ഇപ്പോഴത്തെ പൊസിഷൻ തുടരണം എന്നാണ് കരീമിന്റെ അഭിപ്രായം. എന്നാൽ ഇതിനോടൊപ്പം യുവതാരം അഭിഷേക് ശർമ ഇന്ത്യയുടെ ടീമിൽ ഉൾപ്പെടണമെന്നും കരീം പറഞ്ഞു.
“ഒരു ട്വന്റി20 മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷൻ ടോപ് ഓർഡർ തന്നെയാണ്. അതിനാൽ സെലക്ടർമാർ ജയസ്വാളിനെയും ഗില്ലിനെയും ഓപ്പണർമാരായി ഇറക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യൻ സ്ക്വാഡിൽ അഭിഷേക് ശർമ ഇടംപിടിക്കുകയും ചെയ്യണം. ഋഷഭ് പന്ത് മൂന്നാം നമ്പറിലും സൂര്യകുമാർ നാലാം നമ്പറിലും എത്തണം.”- കരീം സോണി സ്പോർട്സിനോട് പറഞ്ഞു.
“ട്വന്റി 20 പരമ്പരയിൽ ആര് നായകനാവും എന്നതും ഇക്കാര്യത്തെ വളരെയേറെ ആശ്രയിക്കുന്നുണ്ട്. ഗംഭീറാണ് നിലവിൽ ഇന്ത്യയുടെ ഹെഡ് കോച്ച്. ആ സാഹചര്യത്തിൽ നായകന്റെയും ഹെഡ് കോച്ചിന്റെയും തീരുമാനമാണ് അന്തിമമായത്. ഏതുതരത്തിൽ തങ്ങളുടെ ടീമിനെ മുന്നോട്ടു കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത് എന്നത് നിർണായക കാര്യമാണ്. ആ രീതിയിലായിരിക്കണം താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ഋതുരാജ് ഇപ്പോൾ ടീമിനൊപ്പമുണ്ട്. അതിനാൽ ടോപ്പ് ഓർഡറിനായി ഒരുപാട് താരങ്ങൾ മത്സരിക്കുന്നുണ്ട് എന്ന് പറയാൻ സാധിക്കും.”- കരീം കൂട്ടിച്ചേർക്കുന്നു.
സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് യുവതാരങ്ങളൊക്കെയും കാഴ്ചവച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് പുലർത്തി ടീമിൽ ഇടംകണ്ടെത്തിയ അഭിഷേക് ശർമ പരമ്പരയിൽ 46 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ശേഷം ജയസ്വാളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ശുഭ സൂചനകളാണ് ഇതൊക്കെയും നൽകുന്നത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഈ താരങ്ങളൊക്കെയും മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.