അവര്‍ ഇനി ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരാവും. മുൻ ഇന്ത്യൻ താരത്തിന്റെ തകർപ്പൻ ടീം പ്രവചനം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവച്ച രണ്ട് ക്രിക്കറ്റർമാരാണ് രാജസ്ഥാൻ താരം ജയ്സ്വാളും ഗുജറാത്ത് താരം ശുഭമാൻ ഗില്ലും. ടൂർണമെന്റിലുടനീളം ലോകത്തെ നിലവാരമുള്ള ബോളർമാരെ അടിച്ചുതകർത്താണ് ഇരുവരും ശ്രദ്ധ നേടിയത്. ഈ സീസണിൽ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്ത് രണ്ട് ബാറ്റർമാരുടെ പട്ടികയെടുത്ത് പരിശോധിച്ചാൽ അതിൽ ജയ്സ്വാളിന്റെയും ഗില്ലിന്റെയും പേര് ഉറപ്പായുമുണ്ടാവും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയായി ഇരുവരും മാറാൻ സാധ്യതകൾ ഏറെയാണ് എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.

“നിലവിലെ ബാറ്റർമാരെ കുറിച്ച് സംസാരിക്കുമ്പോൾ ശുഭമാൻ ഗില്ലിനാണ് ഏറ്റവുമധികം കഴിവുകളുള്ളതായി തോന്നിയിട്ടുള്ളത്. അയാൾക്കൊപ്പം ജയിസ്വാളും ഇന്ത്യക്കായി ഭാവിയിൽ കളിക്കാൻ വളരെ സാധ്യതയുള്ള ക്രിക്കറ്ററാണ്. ഈ വർഷത്തെ ഏറ്റവും ആകർഷണീയനായ ക്രിക്കറ്റർ ജയിസ്‌വാൾ തന്നെയാണ്. എന്തായാലും വരും വർഷങ്ങളിൽ ഇന്ത്യയ്ക്കായി ജയിസ്‌വാൾ കളിക്കും എന്നെനിക്ക് ഉറപ്പാണ്. ഗില്ലും വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിൽ ഉണ്ടാവും. ഒരുപക്ഷേ ഇന്ത്യയുടെ ക്യാപ്റ്റനായി ഗിൽ മാറിയേക്കാം. ഞാൻ ഇവിടെ പറയുന്നത് ഭാവിയെ കുറിച്ചാണ്. തിലക് വർമ്മ, റിങ്കൂ സിംഗ് എന്നിവരും ഇന്ത്യൻ ടീമിൽ ഉണ്ടാകും. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഭാവിയിലേക്ക് ഒരു ഇന്ത്യൻ സ്‌ക്വാഡിനെപറ്റിയാണ് നമ്മൾ പറയുന്നത്. ഇവരൊക്കെയും അവിശ്വസനീയമായ കളിക്കാരാണ്.”- ഹർഭജൻ പറയുന്നു.

“നിലവിലെ കളിക്കാരുടെ ഫോം പരിശോധിച്ചാൽ ജയിസ്‌വാൾ എന്തായാലും മികച്ച ഓപ്ഷൻ തന്നെയാണ്. കഴിഞ്ഞവർഷം ദുബായിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ യുവ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ചകൾ ഉയർന്നിരുന്നു. ടീമിൽ നിന്ന് ആരെ പുറത്താക്കണം എന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. എന്നിരുന്നാലും ജയിസ്വാൾ, റിങ്കൂസിംഗ്, ഗിൽ എന്നിവർ ഹർദിക്ക് പാണ്ട്യയുടെ നായകത്വത്തിന് കീഴിൽ വരുമ്പോൾ നമുക്ക് ഒരു പുതിയ ടീം തന്നെ കെട്ടിപ്പടുക്കാൻ സാധിക്കും.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

“അങ്ങനെയൊരു ഇന്ത്യൻ ടീം എത്തുകയാണെങ്കിൽ അതിൽ ജയിസ്വാളും ഗില്ലുമായിരിക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഒപ്പം ഋതുരാജും ഉണ്ടാവും. ഒപ്പം റിങ്കു സിംഗ്, തിലക് വർമ, നിതീഷ് റാണ എന്നിവരൊക്കെയും ഇത്തരത്തിൽ ടീമിൽ കളിക്കാൻ സാധ്യതയുള്ളവരാണ്.”- ഹർഭജൻ സിംഗ് പറഞ്ഞു വയ്ക്കുകയുണ്ടായി. എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഒരുപാട് യുവ ക്രിക്കറ്റർമാരെ സമ്മാനിച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ വിടവാങ്ങുന്നത്.

Previous articleഈ ബോളിംഗ് ലൈനപ്പ് വച്ച് ഫൈനലിലെത്താൻ ധോണിയ്ക്ക് മാത്രമേ കഴിയൂ. പ്രശംസയുമായി വിരേന്ദർ സേവാഗ്.
Next articleസഞ്ജു ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. സർപ്രൈസ് നീക്കങ്ങളുമായി ബിസിസിഐ.