ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 7ന് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ടീമുകളുടെ കോമ്പിനേഷനുകളെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. തങ്ങൾക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന രണ്ട് ടീമുകളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിനായി കെട്ടിപ്പടുത്തിരിക്കുന്നത്. ഇന്ത്യൻ നിരയിൽ ചില വമ്പൻ താരങ്ങൾക്ക് പരിക്കുകൾ ഏറ്റിട്ടുണ്ടെങ്കിലും അവർക്ക് ബദലായി മികച്ച കളിക്കാരെ അണിനിരത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മറുവശത്ത് ഇംഗ്ലണ്ട് പിച്ചുകളിലെ ആധിപത്യം അങ്ങേയറ്റം ഉപയോഗപ്രദമാക്കാൻ തന്നെയാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. എന്നിരുന്നാലും ഓസ്ട്രേലിയൻ ബോളർമാർ ഭയക്കേണ്ട രണ്ട് ഇന്ത്യൻ ബാറ്റർമാരെ പറ്റിയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് ഇപ്പോൾ സംസാരിക്കുന്നത്.
ഇന്ത്യൻ നിരയിലെ വിരാട് കോഹ്ലിയെയും പൂജാരയെയും ഓസ്ട്രേലിയ ഭയക്കണം എന്നാണ് പോണ്ടിംഗ് പറയുന്നത്. ഇരുവരും പലപ്പോഴും ഓസ്ട്രേലിയക്ക് ഭീഷണിയുണ്ടാക്കാറുണ്ടെന്നും അത് ഇത്തവണയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പോണ്ടിംഗ് കരുതുന്നു. “ഓസ്ട്രേലിയ ഇപ്പോൾ തന്നെ വിരാട് കോഹ്ലിയെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടാവും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രമല്ല അവർ പൂജാരയെക്കുറിച്ചും ഇതിനകം സംസാരിച്ചിട്ടുണ്ടാവും. ഇവർ രണ്ടുമാണ് ഓസ്ട്രേലിയക്ക് മുൻപിലുള്ള ഭീഷണി.”- പോണ്ടിംഗ് പറഞ്ഞു.
“പൂജാര ഓസ്ട്രേലിയയെ സംബന്ധിച്ച് എന്നും തലവേദന തന്നെയാണ്. കഴിഞ്ഞ സമയങ്ങളിൽ ഓസ്ട്രേലിയയിൽ മികച്ച പ്രകടനങ്ങളാണ് പൂജാര കാഴ്ചവെച്ചിട്ടുള്ളത്. ഇംഗ്ലണ്ടിലെ വിക്കറ്റുകൾ ഓസ്ട്രേലിയൻ പിച്ചുകൾക്ക് സമാനമാണ്. അതുകൊണ്ടുതന്നെ പൂജാരയെ എത്രയും വേഗം പുറത്താക്കേണ്ടത് ഓസ്ട്രേലിയയുടെ ആവശ്യമാണ്. അല്ലാത്തപക്ഷം അയാൾ ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ തല്ലികെടുത്തിയേക്കാം.”- മുൻ ഓസ്ട്രേലിയൻ നായകൻ കൂട്ടിച്ചേർക്കുന്നു.
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിരാട് കോഹ്ലിയുടെ ഫോമും ഓസ്ട്രേലിയക്ക് തലവേദനയാവുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ കോഹ്ലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. മാത്രമല്ല തനിക്ക് കാര്യങ്ങൾ ഇപ്പോൾ കൂടുതൽ അനുകൂലമായി മാറുന്നുണ്ട് എന്ന് വിരാട് കോഹ്ലി എന്നോട് പറഞ്ഞിരുന്നു. അയാൾ അയാളുടെ ബെസ്റ്റിലേക്ക് തിരികെയെത്തിയിക്കുകയാണ്. ഇതും ഓസ്ട്രേലിയക്ക് ഒരു ഭീഷണി തന്നെ ഉണ്ടാക്കുന്നുണ്ട്.”- പോണ്ടിംഗ് പറഞ്ഞുവെക്കുന്നു.