ടി :20 ലോകകപ്പിൽ അവരാണ് എന്റെ ഓപ്പണർമാർ :വമ്പൻ പ്രവചനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിലെ എല്ലാ മത്സരങ്ങൾക്കും ഒക്ടോബറിൽ തുടക്കം കുറിക്കും. ഐപിഎല്ലിന് പിന്നാലെ വരുന്ന ടി :20 ലോകകപ്പ് ഇന്ത്യൻ ടീമിനും വളരെ പ്രധാനമാണ്. നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും പ്രധാന ഐസിസി ടൂർണമെന്റ് കിരീടം വളരെ വൈകാതെ നേടേണ്ടത് അത്യാവശ്യമാണ്. ഗൾഫിൽ നടക്കുന്ന ടി :20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് ആരാധകർ കരുതുന്ന ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിൽ മുഖ്യ ആശങ്ക ഓപ്പണിങ്ങിൽ ആരൊക്കെ കളിക്കുമെന്നതാണ്. സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മക്ക് ഒപ്പം ആരെ ഇന്ത്യൻ ടീം കളിപ്പിക്കണമെന്നതിൽ പല അഭിപ്രായങ്ങൾ ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഇപ്പോൾ ഉയരുന്നുണ്ട്.

ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും ഒപ്പം ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര.ഓപ്പണിങ്ങിൽ ഇന്ന് എല്ലാവരും ഉറപ്പിക്കുന്നത് രോഹിത് ശർമ്മയുടെ പേരാണ് എന്ന് അഭിപ്രായപ്പെട്ട ആകാശ് ചോപ്ര മറ്റൊരു താരത്തെ ഇന്ത്യൻ ടീം ഉടനടി തന്നെ കണ്ടെത്തുവാനാണ് സാധ്യതയെന്നും ചോപ്ര വിശദീകരിക്കുന്നു നിലവിൽ ഫോമിന്റെ അടിസ്ഥാനത്തിൽ കോഹ്ലിക്ക് ഓപ്പണിങ്ങിൽ ഇറങ്ങാം എങ്കിലും അദ്ദേഹത്തിനെ മൂന്നാം നമ്പർ പൊസിഷനിൽ തന്നെ കാണുവാനാണ് ആഗ്രഹിക്കുന്നതെന്നും ചോപ്ര തുറന്ന് പറഞ്ഞു

“ടി :20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഓപ്പണിങ് സ്ഥാനങ്ങൾ പ്രധാനമാണ്. രോഹിത് ശർമ്മക്ക് ഒപ്പം ലോകകപ്പിൽ വിരാട് കോഹ്ലി കളിക്കാനുള്ള സാധ്യത കുറവാണ്.മികച്ച ഫോമിൽ കളിക്കുന്ന രാഹുലിനാണ് കൂടുതൽ സാധ്യത. ഒപ്പം ഐപിഎല്ലിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്താൽ പൃഥ്വി ഷായെ നമുക്ക് പരിഗണിക്കാൻ സാധിക്കും. ശ്രീലങ്കൻ പര്യടനത്തിൽ ധവാൻ സെഞ്ച്വറികൾ നേടിയാൽ അദ്ദേഹവും ഈ ഓപ്പണിങ് പൊസിഷനിൽ കളിക്കുവാൻ അർഹൻ ആയി മാറുമെങ്കിലും അന്തിമമായി രാഹുൽ ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യതയും കോഹ്ലി മൂന്നാം നമ്പറിൽ കളിക്കാനാണ് ടീമും ആഗ്രഹിക്കുക” ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി. റിഷാബ് പന്ത് മധ്യനിരയിൽ കളിക്കുന്ന ഈ സാഹചര്യത്തിൽ രാഹുൽ ഓപ്പണർ റോളിൽ മാത്രമാകും എത്തുകയെന്നും ചോപ്ര പ്രവചിക്കുന്നു