ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് തങ്ങളുടെ പരിശീലകനെ മാറ്റുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
2025ൽ മെഗാ ലേലം നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഇത്തരം ചർച്ചകൾ പുരോഗമിക്കുന്നത്. നിലവിൽ രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ ആയ കുമാർ സംഗക്കാര ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി മാറുമെന്ന റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഗക്കാരയ്ക്ക് പകരം രാജസ്ഥാൻ റോയൽസിന് സമീപിക്കാൻ സാധിക്കുന്ന 3 പരിശീലകരെ പരിശോധിക്കാം.
1. രാഹുൽ ദ്രാവിഡ്
രാജസ്ഥാൻ ടീമിന്റെ പരിശീലകനായി വരാൻ ഏറ്റവും സാധ്യതയുള്ള താരം രാഹുൽ ദ്രാവിഡാണ്. ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് ഈ സീസണോടുകൂടി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെ വരുമെന്നത് ഉറപ്പായിട്ടുണ്ട്. രാജസ്ഥാന്റെ കോച്ചും മെന്ററുമായി രാഹുൽ ദ്രാവിഡ് പ്രവര്‍ത്തിച്ചട്ടുണ്ട്.
ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം 2024 ട്വന്റി20 ലോകകപ്പിൽ ടീമിനെ വിജയിപ്പിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നു. അത് ദ്രാവിഡിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. പരിചയസമ്പന്നതയും നേതൃത്വപാടവും പരിശോധിക്കുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ കോച്ചാവാൻ ഏറ്റവും യോഗ്യനും ദ്രാവിഡ് തന്നെയാണ്.
2. റിക്കി പോണ്ടിംഗ്
രാജസ്ഥാൻ റോയൽസിന് സമീപിക്കാൻ സാധിക്കുന്ന ഒരു പരിശീലകനാണ് റിക്കി പോണ്ടിംഗ്. ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിംഗ് ഇപ്പോൾ ആ സ്ഥാനം രാജി വെച്ചിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനിയും പരിശീലകനായി തുടരാനുള്ള തന്റെ തീരുമാനം പോണ്ടിംഗ് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. ഐപിഎല്ലിൽ വളരെ അനുഭവസമ്പത്തുള്ള താരമാണ് പോണ്ടിംഗ്. അതിനാൽ രാജസ്ഥാൻ റോയൽസ് ടീമിനെ ഉന്നതിയിൽ എത്തിക്കാൻ പോണ്ടിംഗിന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
3. ആശിഷ് നെഹ്റ
നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനാണ് ആശിഷ് നെഹ്റ. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു കറുത്ത കുതിര തന്നെയാണ് നെഹ്റ എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസ്, നെഹ്റയുടെ ടീമിലെ പൊസിഷനെ സംബന്ധിച്ചുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതിനാൽ തന്നെ നെഹ്റ ഗുജറാത്ത് വിട്ട് വരാൻ സാധ്യതകൾ ഏറെയാണ്.
അങ്ങനെയെങ്കിൽ രാജസ്ഥാൻ റോയൽസിന് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന ഒരു പരിശീലകനാണ് നെഹ്റ. കൃത്യമായി മത്സരത്തെപ്പറ്റി മനസ്സിലാക്കാനും അതിനനുസരിച്ച് തന്ത്രങ്ങൾ രൂപീകരിക്കാനുമുള്ള കഴിവാണ് നെഹ്‌റയെ വ്യത്യസ്തനാക്കുന്നത്. സംഗക്കാര പരിശീലക സ്ഥാനം ഒഴിയുകയാണെങ്കിൽ നെഹ്റയ്ക്ക് ടീമിന്റെ പുതിയ കോച്ചായി എത്താൻ സാധിക്കും.