സഞ്ജുവും ബുമ്രയും ജയസ്വാളും ചാമ്പ്യൻസ് ട്രോഫിയിലൂടെ തിരികെ വരും. മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ ടീം.

GTgq0suacAAF16M e1722102744879

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ടൂർണമെന്റിന്റെ ഫേവറേറ്റുകളായാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. ശ്രീലങ്കയിൽ നടന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു മോശം പരമ്പര തന്നെയായിരുന്നു. പക്ഷേ പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലൂടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

എന്നാൽ പാക്കിസ്ഥാനിൽ ഇന്ത്യ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാക്കിസ്ഥാനിൽ കളിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത് ശ്രീലങ്കയിലോ യുഎഇയിലോ ആയിരിക്കും. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ചാമ്പ്യൻസ് ട്രോഫി തന്നെയാണ് എത്തിച്ചേരുന്നത്. വലിയ മാറ്റങ്ങളാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തങ്ങളുടെ ടീമിൽ വരുത്താൻ തയ്യാറാവുന്നത്.

അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി കേവലം 3 മത്സരങ്ങൾ അടങ്ങുന്ന ഒരു ഏകദിന പരമ്പര മാത്രമാണ് ഇന്ത്യ കളിക്കുന്നത്. 2025 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഈ പരമ്പര. ഈ പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങൾ ആയിരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ഉണ്ടാവുക. രോഹിത് ശർമ, വിരാട് കോഹ്ലി, ബൂമ്ര എന്നീ താരങ്ങൾ മാത്രമാണ് നിലവിൽ ചാമ്പ്യൻസ് ട്രോഫിയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയെല്ലാ ടീമംഗങ്ങൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചാൽ മാത്രമേ ടീമിലെത്താൻ സാധിക്കൂ. ടീമിന്റെ ഉപ നായകൻ എന്ന നിലയ്ക്ക് ശുഭമാൻ ഗില്ലിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിച്ചേക്കും.

മാത്രമല്ല ഇന്ത്യക്കായി കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ ജയസ്വാളിനെയും ഇന്ത്യ തങ്ങളുടെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഗില്ലിന്റെ ബാക്കപ്പ് ഓപ്പണർ എന്ന നിലയിലാവും ജയസ്വാളിനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്തുക. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ വളരെ മോശം പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെ ഭാവിയെ സംബന്ധിച്ച് വലിയ രീതിയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

Read Also -  സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.

ഇന്ത്യയുടെ ട്വന്റി20 ടീമിലും ടെസ്റ്റ് ടീമിലും അയ്യർക്ക് അവസരങ്ങൾ വേണ്ട രീതിയിൽ ലഭിച്ചിട്ടില്ല. അതിനാൽ ചാമ്പ്യൻസ് ട്രോഫിയിൽ അയ്യർ കളിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. വിക്കറ്റ് കീപ്പർ തസ്തികയിൽ കെ എൽ രാഹുലും റിഷഭ് പന്തുമാണ് മുന്നിട്ടു നിന്നിരുന്നത്. എന്നാൽ ശ്രീലങ്കയ്ക്കെതിരായ മോശം പ്രകടനത്തോടെ രാഹുൽ ഫേവറേറ്റ് ലിസ്റ്റ്കളിൽ നിന്ന് പുറത്തു കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യതകൾ ഏറെയാണ്.

നിശ്ചിത ഓവർ ക്രിക്കറ്റിൽ പന്തിന്റെ പ്രകടനത്തിൽ താൻ തൃപ്തനല്ല എന്ന് ഗംഭീർ മുൻപ് തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിലേക്ക് അവസരങ്ങൾ എത്തിയേക്കും. അങ്ങനെയെങ്കിൽ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ആവും സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുക. എന്നിരുന്നാലും വരാനിരിക്കുന്ന അവസരങ്ങളൊക്കെ സഞ്ജു നന്നായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ശ്രീലങ്കക്കെതിരെ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും ശിവം ദുബെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടാൻ സാധ്യത വളരെ കുറവാണ്. ഹർദിക് പാണ്ഡ്യയാവും ഇന്ത്യയുടെ ഓൾറൗണ്ടർ റോളിൽ കളിക്കുക. ഇങ്ങനെ വ്യത്യസ്തമായ ഒരു ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായി അണിയിച്ചൊരുക്കുന്നത്.

Scroll to Top