ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ പുകഴ്ത്തി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വെന്ദ്ര ചാഹൽ. ക്രിക്കറ്റിൽ കോഹ്ലി എന്നെന്നും രാജാവാണെന്നും, അവിടെ മറ്റൊരു രാജാവില്ലയെന്നുമാണ് ചാഹൽ ഒരു യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് കോഹ്ലിയ്ക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടീമിനായി ചാഹൽ കളിച്ചിരുന്നു. ശേഷം ബാംഗ്ലൂർ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം രാജസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. ഇതിന് ശേഷമാണ് ചാഹൽ കോഹ്ലിയെ പുകഴ്ത്തി ഈ പരാമർശം നടത്തിയിരിക്കുന്നത്. “ഇവിടെ ഒരു രാജാവ് മാത്രമേയുള്ളൂ. അത് കിംഗ് കോഹ്ലിയാണ്.” എന്നായിരുന്നു ചാഹൽ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
ഇതോടൊപ്പം ഇന്ത്യയുടെ മുൻ താരം മഹേന്ദ്ര സിംഗ് ധോണിയെപറ്റിയും ചഹൽ സംസാരിക്കുകയുണ്ടായി. ധോണി നന്നായി തമാശ പറയുന്ന ആളാണെന്നും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധനായി നിൽക്കാറുണ്ടെന്നും ചാഹൽ വ്യക്തമാക്കി. “ധോണി എല്ലായിപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായാണ് നിൽക്കാറുള്ളത്. മാത്രമല്ല അദ്ദേഹത്തിന് നന്നായി തമാശ പറയാനും അറിയാം.”- ചാഹൽ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഇന്ത്യയുടെ 2023ലെ ഏകദിന ലോകത്തിന്റെ പ്രതീക്ഷകളെ പറ്റിയും ചഹൽ സംസാരിക്കുകയുണ്ടായി. തങ്ങൾക്കുള്ളത് ഏറ്റവും മികച്ച ടീമാണെന്നും എല്ലാവരും കഠിനമായ പരിശീലനത്തിലാണെന്നുമാണ് ചാഹൽ വെളിപ്പെടുത്തിയത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാക്കിസ്ഥാൻ താരം ആരാണെന്നുള്ള ചോദ്യത്തിനും ചാഹൽ കൃത്യമായി ഉത്തരം നൽകി. പാകിസ്താന്റെ മുൻ ബാറ്റർ ശുഐബ് മാലിക് ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം എന്നാണ് ചാഹൽ പറഞ്ഞത്. “ഞാൻ കേവലം കുറച്ചു മത്സരങ്ങൾ മാത്രമാണ് പാക്കിസ്ഥാനെതിരായി കളിച്ചത്. ഇതിൽ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട താരം ഷോഐബ് മാലിക് തന്നെയാണ്.”- ചാഹൽ വെളിപ്പെടുത്തുന്നു.
ഇവയ്ക്കൊപ്പം തന്റെ ബോളിങ്ങിൽ കൃത്യത കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും ചാഹൽ സംസാരിച്ചു. “ഞാൻ പ്രധാനമായും ബോൾ ചെയ്യുന്നത് മൈതാനത്തിന്റെ വലുപ്പത്തെ കൂടി ആശ്രയിച്ചാണ്. എല്ലായിപ്പോഴും എന്റെ പരമാവധി ബോളിങ്ങിൽ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. കളിക്കാരുടെ നീളവും മറ്റുകാര്യങ്ങളും അനുസരിച്ച് ലെങ്തിൽ മാറ്റം വരുത്താനും ഞാൻ ശ്രമിക്കാറുണ്ട്.”- ചാഹൽ യൂട്യൂബ് ചാനലിലൂടെ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യക്കായി മറ്റു ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ചാഹലിന് ഇതേവരെ ടെസ്റ്റ് മത്സരങ്ങളിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് ചഹൽ ഇപ്പോൾ.