ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദയനീയ അവസ്ഥയിൽ തന്നെയാണ് ഇന്ത്യ നിൽക്കുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 469 എന്ന വമ്പൻ സ്കോർ നേടിയിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കാണാൻ സാധിച്ചത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 151ന് 5 എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും 318 റൺസുകൾ കൂടി നേടേണ്ടതുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് ഇന്ത്യക്ക് മത്സരം വിജയിക്കാനാവില്ല എന്നാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറയുന്നത്.
“ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇവിടെ നിന്ന് ഇനി വിജയിക്കാൻ സാധിക്കില്ല”- പോണ്ടിംഗ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. “ഇന്ത്യ തന്നെയാണ് ഇന്ത്യയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം? മത്സരത്തിന്റെ ആദ്യദിവസം അവർ ആദ്യ മണിക്കൂർ ഒരുപാട് ഷോർട് ബോളുകൾ എറിയുകയുണ്ടായി. ഇത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇത്ര മികച്ച വിക്കറ്റ് കണ്ടീഷൻസ് ഉണ്ടായിട്ടും പുതിയ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് അവർ ഫുള്ളർ പന്തുകൾ ഒരുപാട് എറിയാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതാണ് ഓസ്ട്രേലിയ റൺസ് നേടാൻ കാരണമായതും.”- പോണ്ടിംഗ് പറഞ്ഞു.
“മത്സരത്തിലെ ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയയുടെ നാലോ അഞ്ചോ വിക്കറ്റുകൾ നേടാൻ ഇന്ത്യയ്ക്ക് സാധിക്കേണ്ടിയിരുന്നു. എന്നാൽ ആദ്യ സെഷനിൽ രണ്ട് വിക്കറ്റുകളൊ മറ്റൊ മാത്രമാണ് ഇന്ത്യ നേടിയത്. അത് ഓസ്ട്രേലിയയെ സംബന്ധിച്ച് മികച്ച ഒരു ഫലമായിരുന്നു. മത്സരത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ പരാജയപ്പെട്ടിട്ടുണ്ട്. എന്തായാലും അതിന്റെ വിമർശനങ്ങൾ നായകൻ കേൾക്കേണ്ടി വരും എന്നത് എനിക്കറിയാം. എന്നിരുന്നാലും ഇത് അദ്ദേഹത്തിന്റെ മാത്രം തീരുമാനങ്ങൾ ആണെന്ന് ഞാൻ കരുതുന്നില്ല.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ടെസ്റ്റിൽ വിജയം കണ്ടെത്തുക എന്നത് അത്ര അനായാസമായ കാര്യമല്ല. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രഹാനെയും ഭരതുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. ഇരുവരും മികച്ച ഇന്നിങ്സ് കാഴ്ചവച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫോളോഓൺ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുമെന്നത് ഏകദേശം ഉറപ്പാണ്.