ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന 2 ഫ്രാഞ്ചൈസികളാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും. ലോകത്താകമാനം ആരാധകരുള്ള താരങ്ങൾ അണിനിരക്കുന്ന ഫ്രാഞ്ചൈസികൾ സമീപകാലത്തും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരുന്നു. എന്നാൽ ഒരുവശത്ത് ചെന്നൈ സൂപ്പർ കിംഗ്സ് 5 ഐപിഎൽ കിരീടം സ്വന്തമാക്കിയെങ്കിലും, മറുവശത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇതുവരെയും കിരീടത്തിൽ മുത്തമിടാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇതിനുള്ള പ്രധാന കാരണങ്ങളെപ്പറ്റിയാണ് മുൻ ചെന്നൈ – ബാംഗ്ലൂർ താരം ശതാബ് ജകാതി പറയുന്നത്. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസത്തെ പറ്റി ജകാതി തുറന്നു പറയുകയുണ്ടായി.
ചെന്നൈ സൂപ്പർ കിംഗ്സ് എപ്പോഴും ഒരു കുടുംബം പോലെയാണ് തങ്ങളുടെ താരങ്ങളെ പരിഗണിക്കാറുള്ളത് എന്ന് ജകാതി പറയുന്നു. എന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് അങ്ങനെയല്ല എന്ന് ജകാതി കൂട്ടിച്ചേർത്തു. ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ് എന്ന് താരം ആവർത്തിക്കുന്നു.
“ക്രിക്കറ്റ് എല്ലായിപ്പോഴും ഒരു ടീം മത്സരമാണ്. അതുകൊണ്ടു തന്നെ നമുക്ക് കിരീടം സ്വന്തമാക്കണമെങ്കിൽ ഒരു മനസ്സോടെ, കൂട്ടായ്മയോടെ മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം കേവലം രണ്ടോ മൂന്നോ കളിക്കാർ മാത്രം മനസ്സുവെച്ചാൽ ഒരു കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ സംബന്ധിച്ച് എല്ലായിപ്പോഴും അവർ ഒരു കോമ്പിനേഷൻ പുലർത്താറുണ്ട്. ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പക്ഷേ ഞാൻ ബാംഗ്ലൂരിൽ കളിക്കുന്ന സമയത്ത് കണ്ടത് അവർ കേവലം രണ്ടോ മൂന്നോ കളിക്കാരിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നതാണ്.”- ജകാതി പറയുന്നു.
“മാത്രമല്ല ഇരു ടീമുകളുടെയും ഘടന വളരെ വ്യത്യാസമാണ്. ടീമുകളുടെ മാനേജ്മെന്റിന്റെ സമീപനവും ഡ്രസ്സിംഗ് റൂമിലെ സാഹചര്യങ്ങളുമൊക്കെ വളരെ വ്യത്യസ്തമാണ്. എല്ലാ സീസണിലും ബാംഗ്ലൂർ ടീമിൽ മികച്ച താരങ്ങളുണ്ട്. പക്ഷേ താരങ്ങൾക്കിടയിൽ പലപ്പോഴും ഒരു ആത്മബന്ധമോ സാഹോദര്യമോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇക്കാര്യം കൊണ്ട് തന്നെ താരങ്ങളുമായി ഇഴുകിച്ചേരാൻ മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. അതൊക്കെ ടീമിന്റെ സാഹചര്യങ്ങളെ ബാധിക്കുന്നുണ്ട്.”- ജകാതി കൂട്ടിച്ചേർക്കുന്നു.
ഇതേ സമയത്ത്, ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്റ് തങ്ങളുടെ കളിക്കാരെയെല്ലാം ഒരേ രീതിയിൽ നന്നായി നോക്കുന്ന ടീമാണ് എന്നും ജകാതി കൂട്ടിച്ചേർക്കുകയുണ്ടായി. കളിക്കാരുടെ ചെറിയ കാര്യങ്ങളിൽ പോലും കൃത്യമായി ഇടപെടാനും പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിച്ചു മുന്നോട്ട് പോകാനും ചെന്നൈയ്ക്ക് സാധിക്കാറുണ്ട് എന്നാണ് താരത്തിന്റെ വിലയിരുത്തൽ. ഇത്തരത്തിലുള്ള മാനേജ്മെന്റ് ഇടപെടൽ വലിയ രീതിയിൽ ചെന്നൈ ടീമിന് ഗുണമുണ്ടാക്കിയിട്ടുണ്ട് എന്നാണ് ജകാതിയുടെ പക്ഷം. ബാംഗ്ലൂരിൽ ഇത്തരമൊരു ഒത്തൊരുമ ഇല്ലാത്തതാണ്, കിരീടം സ്വന്തമാക്കാൻ ടീമിന് സാധിക്കാത്തതിന്റെ ഒരു പ്രധാന കാരണം എന്നും ജകാതി കൂട്ടിചേർത്തു.