കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

babar azam pak captain

അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു ഹൃദയഭേദകമായ പരാജയമാണ് പാകിസ്ഥാന് നേരിട്ടത്. താരതമ്യേന ദുർബലരായ അമേരിക്കയെ വളരെ ലളിതമായാണ് പാകിസ്ഥാൻ കണ്ടിരുന്നത്. എന്നാൽ പോരാട്ടവീര്യം കൊണ്ട് അമേരിക്ക വിജയം കൈപ്പടിയിൽ ഒതുക്കുകയായിരുന്നു.

സൂപ്പർ ഓവറിലായിരുന്നു അമേരിക്കയുടെ ഈ വിജയം. അമേരിക്കയുടെ ഈ വിജയത്തിന് ശേഷം പാകിസ്ഥാൻ നായകൻ ബാബർ ആസമിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും. ബാബർ ആസമിന്റെ ക്യാപ്റ്റൻസിയിലെ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് മുൻ താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ഇത്തരം സ്റ്റേജുകളിൽ ദുർബലമായ ടീമുകൾക്കെതിരെ പരാജയപ്പെടുന്നത് എന്നാണ് പലരും ചോദിക്കുന്നത് അവസാനമായി ബാബർ ആസമിനെതിരെ രംഗത്തെത്തിയിരിക്കുന്നത് മുൻ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കാണ്.

2021 ട്വന്റി20 ലോകകപ്പിൽ ബാബർ ആസമിന്റെ നായകത്വത്തിന് കീഴിൽ കളിച്ചിരുന്ന താരമാണ് മാലിക്. ബാബർ ആസം നേരത്തെ ചില തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും, അത് മൈതാനത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നും മാലിക് പറയുന്നു. ഇത് ഒരു ബ്ലോക്കായി നിൽക്കുകയാണ് എന്ന് മാലിക് ചൂണ്ടിക്കാട്ടുന്നു.

“ബാബറുടെ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ ഡെപ്തിലേക്ക് പോകാനാണ് ഞാൻ ശ്രമിക്കുന്നത്. ബാബർ അവന്റെ മനസ്സിൽ ഒരു കാര്യം ഉണ്ടാക്കിയിരിക്കുകയാണ്. അതാണ് പ്രധാനപ്പെട്ട പ്രശ്നം. അവൻ ശതാബ് ഖാനെ ഒരു പ്രത്യേക നമ്പറിൽ ഇറക്കാൻ തീരുമാനിച്ചിരിക്കുന്നു. അസം ഖാനെയും ഇഫ്തിക്കാർ അഹമ്മദിനെയും അവസാന ഓവറുകളിൽ ബാറ്റ് ചെയ്യിക്കണം എന്ന് അവൻ തീരുമാനിച്ചിരിക്കുന്നു. അതു മാത്രമേ അവൻ ചെയ്യുകയുള്ളൂ.”- മാലിക് പറയുന്നു.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

“ബാബർ ആസമിന്റെ കാര്യത്തിൽ മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. 4 വർഷങ്ങൾക്കു മുൻപുള്ള ബാബർ ആസമിന്റെ ക്യാപ്റ്റൻസിയും ഇപ്പോഴത്തെ ബാബർ അസമിന്റെ ക്യാപ്റ്റൻസിയും തമ്മിൽ യാതൊരു വ്യത്യാസവും എനിക്ക് കാണാൻ സാധിക്കുന്നില്ല. അത് അത്ര നല്ല കാര്യമല്ല. ഏതെങ്കിലും ഒരു ക്യാപ്റ്റൻ ഓരോ കളികളിലും പുരോഗതികൾ കയ്യടക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടുതൽ സമയം നൽകണം. കാരണം മുൻപിലേക്ക് പോകുമ്പോൾ ഒരുപാട് നല്ല ഫലങ്ങൾ നൽകാൻ അവർക്ക് സാധിക്കും. പക്ഷേ ബാബറിന്റെ കാര്യത്തിൽ അങ്ങനെയല്ല. 4 വർഷം മുമ്പ് എങ്ങനെയായിരുന്നോ അതേ ലെവലിൽ തന്നെയാണ് ഇപ്പോൾ ബാബർ നിൽക്കുന്നത്.”- മാലിക് കൂട്ടിച്ചേർത്തു.

കമന്റെറ്റർ ബാസിത് ഖാനും മാലിക്കിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്. “നമ്മൾ ടീമിൽ ഉണ്ടെങ്കിൽ, ക്യാപ്റ്റനായി വർഷങ്ങളോളം തുടരുകയാണെങ്കിൽ, നമ്മൾ പുരോഗതി വീണ്ടെടുക്കണം. ഉദാഹരണത്തിന് ഞാൻ വസീം അക്രത്തിന്റെ ക്യാപ്റ്റൻസിയെ പറ്റി സംസാരിക്കാം. ആദ്യമായി വസീം പാക്കിസ്ഥാന്റെ നായകനായ സമയത്ത് അദ്ദേഹം അത്ര മികച്ച നായകനായിരുന്നില്ല. പക്ഷേ പിന്നീട് അദ്ദേഹം ഒരുപാട് പുരോഗതികൾ ഉണ്ടാക്കുകയായിരുന്നു.”

“ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനായാണ് വസീം തന്റെ കരിയർ അവസാനിപ്പിച്ചത്. ബാബറിന്റെ കാര്യത്തിൽ സമയം മുൻപോട്ട് പോകുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാക്കാൻ അവന് സാധിക്കുന്നില്ല. അവൻ ഒരു ലോകനിലവാരമുള്ള ബാറ്ററാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ നായകൻ എന്ന നിലയിൽ അവന് മെച്ചമില്ല.”- ബാസിത് കൂട്ടിച്ചേർത്തു.

Scroll to Top