മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

382384

നെതർലൻഡ്സിന്റെ കെണിയിൽ വീഴാതെ ദക്ഷിണാഫ്രിക്കയെ കരകയറ്റി ഡേവിഡ് മില്ലർ. അങ്ങേയറ്റം ആവേശകരമായ മത്സരത്തിൽ ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിനെ കേവലം 103 റൺസിൽ ഒതുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ ദക്ഷിണാഫ്രിക്ക പതറിയെങ്കിലും മില്ലർ പവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. എന്തായാലും 2024 ലോകകപ്പ് ക്യാമ്പയിന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണഫ്രിക്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ്ങിന് അനുകൂലമായ വിക്കറ്റിൽ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഹോളണ്ടിന്റെ ഓപ്പണർമാരായ മാക്സ് ഓഡൗഡിനേയും(2) ലെവിറ്റിനെയും(0) പുറത്താക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ശേഷം വിക്രംജീത്തും(12) പുറത്തായതോടെ ഹോളണ്ട് തകരുകയായിരുന്നു.

പിന്നീട് മധ്യനിര ബാറ്റർ എങൽബ്രക്ടാണ് ഹോളണ്ടിനായി ക്രീസിൽ ഉറച്ചത്. മത്സരത്തിൽ 45 പന്തുകൾ നേരിട്ട് എങൽബ്രക്ട് 40 റൺസാണ് സ്വന്തമാക്കിയത്. മറ്റു ബാറ്റർമാർ ആരുംതന്നെ മത്സരത്തിൽ മികവ് പുലർത്തിയില്ല.

ശേഷം അവസാന ഓവറുകളിൽ 22 പന്തുകളില്‍ 23 റൺസ് നേടിയ വാൻ ബീക്ക് പോരാട്ടവീര്യം കാട്ടിയതോടെ നെതർലാൻഡ്സ് 103 എന്ന സ്കോറിൽ എത്തുകയായിരുന്നു. എന്നിരുന്നാലും ഒരിക്കലും മികച്ച സ്കോർ ആയിരുന്നില്ല മത്സരത്തിൽ നെതർലാൻഡ്സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബാർറ്റ്മാൻ മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

Read Also -  സഞ്ചു സാംസണ്‍ ടി20 ടീമില്‍. ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍

104 എന്ന വിജയലക്ഷത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ഡികോക്കിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം നായകൻ മാക്രവും പൂജ്യനായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി.

പിന്നീട് ഹെൻറിക്സും(3) ക്ലാസനും(4) കൂടാരം കയറിയതോടെ ആഫ്രിക്ക 12 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പൂർണമായി തകരുകയുണ്ടായി. ശേഷമാണ് മില്ലറും സ്റ്റബ്സും ചേർന്ന് ഒരു പക്വതയാർന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്കായി കെട്ടിപ്പടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റിൽ വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. പതിയെ റൺസ് കണ്ടെത്താൻ ഇരുവർക്കും സാധിച്ചു.

അഞ്ചാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും കെട്ടിപ്പടുക്കുകയുണ്ടായി. സ്റ്റബ്സ് 33 റൺസ് നേടിയാണ് കൂടാരം കയറിയത്. അവസാന 3 ഓവറുകളിൽ 25 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിൽ ഒരു സിക്സർ നേടി മില്ലർ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ കാത്തു.

ഇതോടെ അവസാന 2 ഓവറുകളിലെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 16 റൺസായി മാറുകയായിരുന്നു. അടുത്ത മില്ലർ ആക്രമണം അഴിച്ചു വിട്ടതോടെ ദക്ഷിണാഫ്രിക്ക വിജയത്തിൽ എത്തുകയായിരുന്നു.

മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മില്ലർ മത്സരത്തിൽ 59 റൺസ് നേടി ദക്ഷിണാഫ്രിക്കയുടെ ശില്പിയായി.

Scroll to Top