സൂര്യ ബോളർമാരെ റൊട്ടേറ്റ് ചെയ്ത രീതി അവിശ്വസനീയം. പ്രശംസയുമായി ഹാർദിക് പാണ്ഡ്യ.

385465

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് തകര്‍പ്പന്‍ ഒരു വിജയമാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഉണ്ടായിരിക്കുന്നത്. പരമ്പരയിലെ 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കാന്‍ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സാധിച്ചു. ഒരു പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ആദ്യ സംരംഭമായിരുന്നു ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര.

യുവതാരങ്ങളെ അണിനിരത്തി പരമ്പരയിൽ വിജയം നേടാൻ സാധിച്ചതോടെ ഒരുപാട് പ്രശംസകളാണ് ഗംഭീറിനും സൂര്യകുമാർ യാദവിനും ലഭിക്കുന്നത്. പരമ്പര വിജയത്തിന് ശേഷം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ സൂര്യകുമാർ യാദവ് തന്റെ ബോളർമാരെ ഉപയോഗിച്ച രീതിയെ പ്രശംസിച്ചു കൊണ്ടാണ് ഹർദിക് പാണ്ഡ്യ സംസാരിച്ചത്. മത്സരത്തിൽ ശ്രീലങ്കയ്ക്ക് 9 റൺസ് മാത്രം ജയിക്കാൻ വേണ്ട സാഹചര്യത്തിൽ റിങ്കൂ സിങ്ങിന് നിർണായക ഓവർ നൽകാൻ സൂര്യകുമാർ തീരുമാനിച്ചത് ഒരുപാട് പ്രചോദനം നൽകുന്നതായി ഹർദിക് പാണ്ഡ്യ പറഞ്ഞു.

അവസാന ഓവറുകളിലെ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനത്തെയും ഹർദിക് പാണ്ഡ്യ പ്രശംസിച്ചു. മത്സരത്തിന്റെ സൂപ്പർ ഓവറിൽ 2 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കാൻ വാഷിംഗ്ടൺ സുന്ദറിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നില്ലെങ്കിലും ടീമിന്റെ പ്രകടനത്തിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ട് എന്ന് ഹർദിക് പാണ്ഡ്യ പറയുകയുണ്ടായി.

Read Also -  രാഹുലിനെ കളിപ്പിക്കണം, സർഫറാസിനെ ഒഴിവാക്കണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി പാർഥിവ് പട്ടേല്‍.

“മുൻപ് ഗൗതം ഗംഭീർ പറഞ്ഞതുപോലെ സൂര്യകുമാർ യാദവ് വലിയ പ്രശംസകൾ അർഹിയ്ക്കുന്നു. തന്റെ ബോളർമാരിൽ കൃത്യമായി വിശ്വാസമർപ്പിച്ച് അവരെ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ സൂര്യകുമാറിന് സാധിച്ചു. അവസാന രണ്ട് ഓവറുകളിൽ കൃത്യമായി തന്റെ താരങ്ങളിൽ വിശ്വാസമർപ്പിക്കാൻ സൂര്യയ്ക്ക് സാധിച്ചു. അത് ഒരു അവിശ്വസനീയ നീക്കം തന്നെയായിരുന്നു. ഒരു ബോളിംഗ് ഗ്രൂപ്പ് എന്ന നിലയിൽ ഇന്ത്യ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാവരും ആവശ്യമായ സംഭാവനകൾ നൽകി. വാഷിംഗ്ടൺ സുന്ദറും ഒരുപാട് പ്രശംസകൾ അർഹിക്കുന്നുണ്ട്.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

“ഇത്തരത്തിൽ മത്സരങ്ങളിൽ വിജയം സ്വന്തമാക്കുമ്പോൾ നമുക്കത് മുൻപോട്ടു പോകാനുള്ള വലിയ മാർഗം തന്നെയാണ്. ഓരോ ചുവടും മുൻപോട്ടു വെച്ചാണ് നമ്മൾ ചലിക്കേണ്ടത്. ഇത് എന്തായാലും നമ്മുടെ ഭാവിയിലേക്കുള്ള വലിയ ചുവടുവെപ്പായാണ് ഞാൻ കാണുന്നത്. വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കുന്ന എല്ലാ താരങ്ങൾക്കും ഞാൻ ആശംസകൾ അറിയിക്കുകയാണ്. ഇത്തരത്തിൽ മികച്ച പ്രകടനവുമായി മുന്നോട്ട് പോവുക.”- ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് രണ്ടിനാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

Scroll to Top