ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിനു സാധിച്ചിരുന്നു. ടൂര്‍ണമെന്‍റിലുടനീളം ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ക്യാപ്റ്റന്‍സിയും മികച്ചു നിന്നിരുന്നു. 15 മത്സരങ്ങളില്‍ നിന്നും 487 റണ്‍സാണ് താരം നേടിയത്. മാത്രമല്ലാ ഫൈനലിലെ 3 വിക്കറ്റ് സ്പെല്‍, ടീമിനു മികച്ച തുടക്കം നല്‍കിയിരുന്നു. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ പഴയ ഹാര്‍ദ്ദിക്ക് പാണ്ട്യ തിരിച്ചു വരും എന്ന് പറഞ്ഞിരിക്കുകയാണ് ഈ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍.
❝ പഴയ ഹാര്‍ദ്ദിക്ക് പാണ്ട്യ തിരിച്ചു വരും. ആരാധകരെല്ലാം തിരിച്ചെത്തി. ഇനി എന്‍റെ തിരിച്ചു വരവിനുള്ള സമയമാണ്. ഒരുപാട് മത്സരങ്ങള്‍ കളിക്കാനുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഞാന്‍ ഫ്രാഞ്ചൈസിക്കുവേണ്ടി എന്തെല്ലാം ചെയ്തുവോ അതെല്ലാം രാജ്യത്തിനു വേണ്ടിയും ചെയ്യുമെന്ന് ഞാന്‍ ഉറപ്പാക്കും ❞ ഗുജറാത്ത് ടൈറ്റന്‍സ് ട്വിറ്ററില്‍, അപ്ലോഡ് ചെയ്ത വീഡിയോയില്‍ ഹാര്‍ദ്ദിക്ക് പറഞ്ഞു.
ഐപിഎല്ലിനു മുന്നോടിയായി ധാരാളം മത്സരങ്ങള്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് നഷ്ടമായിരുന്നു. പുറത്തെ പരിക്കിനെ തുടര്‍ന്നാണ് താരത്തിനു മത്സരങ്ങള്‍ നഷ്ടമായത്. ഫിറ്റ്നെസ് ഇല്ലാത്തത് കാരണമാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഒഴിവാക്കിയത് എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള വിശിദീകരണവും ഹാര്‍ദ്ദിക്ക് നല്‍കി.
❝ ഞാന്‍ എന്തുകൊണ്ടാണ് ഒഴിവായത് എന്ന് പലര്‍ക്കും അറിയില്ലാ. എന്നെ ഒഴിവാക്കിയപ്പോള്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ വന്നു. ബിസിസിഐ എനിക്ക് ലോങ്ങ് ബ്രേക്ക് നല്‍കുകയും, തിരിച്ചുവരികയും ചെയ്യാന്‍ വാശിപിടിക്കുകയും ചെയ്തില്ലാ ❞ ഗുജറാത്ത് നായകന്‍ വെളിപ്പെടുത്തി. ടി20 ലോകകപ്പിനു ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിരുന്നില്ലാ.