തിരിച്ചുവരവ് ഗംഭീരമാക്കി മലയാളി താരം. 40 പന്തിൽ 89 റൺസ് നേടി മുംബൈയെ പഞ്ഞിക്കിട്ടു.

ഐപിഎല്ലിൽ തിരിച്ചുവരവ് ഗംഭീരമാക്കി മലയാളി താരം കരുൺ നായർ. മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരത്തിൽ ഒരു ഇമ്പാക്ട് സbaയി വന്ന് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം കരുൺ നായർ ഡൽഹി ടീമിനായി കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഡൽഹിയ്ക്ക് തങ്ങളുടെ ഓപ്പണർ ഫ്രീസർ മക്ഗർക്കിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ശേഷമാണ് കരുൺ നായർ ക്രീസിൽ എത്തിയത്. മത്സരത്തിൽ 40 പന്തുകൾ നേരിട്ട് കരുൺ നായർ 89 റൺസ് നേടി ഡൽഹിയെ മികച്ച നിലയിൽ എത്തിച്ച ശേഷമാണ് കൂടാരം കയറിയത്. ഐപിഎല്ലിൽ 7 വർഷങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഒരു അർത്ഥ സെഞ്ച്വറി സ്വന്തമാക്കുന്നത്.

പവർപ്ലേ ഓവറുകളിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു കരുൺ നായർ മുംബൈക്കെതിരായ മത്സരത്തിൽ കാഴ്ചവച്ചത്. ബൂമ്ര അടക്കമുള്ള മുംബൈ ബോളർമാരെ പൂർണമായും അടിച്ചൊതുക്കാൻ കരുൺ നായർക്ക് സാധിച്ചു. കേവലം 22 പന്തുകളിൽ നിന്നായിരുന്നു കരുൺ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനു ശേഷവും കൃത്യമായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം താരം കാഴ്ചവച്ചു. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ മികച്ച ഫോമിൽ തന്നെയാണ് കരുൺ കളിച്ചിരുന്നത്. അതിന്റെ ബാക്കിപത്രമാണ് ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തിൽ കരുൺ കാഴ്ച വെച്ചത്.

പവർപ്ലെ ഓവറുകൾക്ക് ശേഷം ഡൽഹിയുടെ സ്കോറിംഗ് റേറ്റ് താഴെ പോവാതെ നോക്കാൻ കരുണിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട കരുൺ നായർ 12 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 89 റൺസ് സ്വന്തമാക്കി. 222 എന്ന ഉയർന്ന സ്ട്രൈക് റേറ്റിലാണ് കരുൺ ഈ വെടിക്കെട്ട് തീർത്തത്. മത്സരത്തിൽ സാന്റ്നറുടെ ഒരു അത്ഭുത പന്തിലായിരുന്നു കരുൺ പുറത്തായത്. പന്ത്രണ്ടാം ഓവറിൽ സാന്റ്നർ എറിഞ്ഞ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു കരുൺ. എന്നാൽ കൃത്യമായി ടേണ്‍ ചെയ്തുവന്ന പന്ത് കരുണിന്റെ കുറ്റി പിഴുതെറിഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറുകളിൽ 205 റൺസ് ആണ് സ്വന്തമാക്കിയത്. അർത്ഥസെഞ്ച്വറി നേടിയ തിലക് വർമയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 33 പന്തുകൾ നേരിട്ട തിലക് 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 59 റൺസായിരുന്നു സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ 17 പന്തുകളിൽ 38 റൺസ് നേടിയ നമൻ ദിർ ഭേദപ്പെട്ട പ്രകടനം മുംബൈക്കായി കാഴ്ചവച്ചു. പക്ഷേ മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ ആക്രമണത്തിനു മുൻപിൽ മുംബൈ ബോളർമാർ വിറയ്ക്കുകയായിരുന്നു.